തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ഉന്നതതല അന്വേഷണത്തിന് നിര്‍ദേശം നൽകിയത്. സംഭവത്തെക്കുറിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ വിശദവും സുതാര്യവുമായി പരിശോധിക്കണമെന്നും അഞ്ച് ആഴ്ചക്കുള്ളിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സി.യു വിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ഐ.സി.യുവിൽ നിന്നും മാറ്റിയ 5 രോഗികൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെകുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്. ഐ.സി.യുവിൽ നിന്നും രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികൾ, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകൾ, ഫോറൻസിക് വിദഗ്ദ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങൾ ക്രോഡീകരിച്ചായിരിക്കണം റിപ്പോര്‍ട്ടെന്നും ഉത്തരവിലുണ്ട്.

ഡോക്ടർമാർ, മറ്റ് ജീവനക്കാർ, കൂട്ടിരിപ്പുകാർ, മരിച്ചവരുടെ ബന്ധുക്കൾ എന്നിവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തണം. സംഭവവുമായി ബന്ധപ്പെട്ട ആശുപത്രി രേഖകൾ, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ഫോറൻസിക് വിദഗ്ധന്‍റെ നിഗമനം എന്നിവ റിപ്പോർട്ടിനൊപ്പം കമ്മീഷനിൽ ഹാജരാക്കണം. മരിച്ചവരുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അങ്ങനെയുണ്ടെങ്കിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തെ കുറിച്ച് പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.സർക്കാരിന്റെയും ഡി.എം.ഇ. യുടെയും പ്രതിനിധി മേയ് എട്ടിന് കമ്മീഷന്റെ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

പരാതിയുമായി മരിച്ചവരുടെ ബന്ധുക്കള്‍

മാര്‍ച്ച് 17ന് രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ തകരാറിലായി തീപിടുത്തമുണ്ടായത്.തീ ഉടൻ അണച്ചെങ്കിലും ഐസിയുവിലാകെ പുക നിറഞ്ഞു.വെന്റിലേറ്ററിലടക്കമുണ്ടായിരുന്ന രോഗികളെ ഉടൻ മറ്റ് ഐസിയുകളിലേക്ക് മാറ്റി.കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചാണ് രോഗികളെ മാറ്റിയതെന്നായിരുന്നുആശുപത്രി അധികൃതർ പറഞ്ഞിരുന്നത്.എന്നാൽ അന്നേ ദിവസം ഉച്ചയ്ക്ക് മരിച്ച ഓയൂർ സ്വദേശി കൃഷ്ണൻകുട്ടി,പിറ്റേന്ന് രാവിലെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷ് എന്നിവരുടെ ബന്ധുക്കളാണ് പരാതി ഉന്നയിച്ചത്. ബൈക്ക് അപകടത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു സനീഷ്.തീപിടുത്തതിന് ശേഷം ഐസിയു മാറ്റിയതിന് പിന്നാലെയാണ്സനീഷിന്റെ ആരോഗ്യനില വഷളായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓട്ടോ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയും വെന്റിലേറ്ററിലായിരുന്നു. ഐസിയു മാറ്റുന്ന വിവരം കൃത്യമായി അറിയിച്ചില്ലെന്നും അതിന് ശേഷമാണ് ആരോഗ്യനില കൂടുതൽ വഷളയാതെന്നും ആരോപണമുണ്ട്.

ഇത് കൂടാതെ മൂന്ന് മരണം കൂടി പിറ്റേന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കൾ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. അതേസമയം, ആരോപണം പൂർണമായും മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചിരുന്നു. തീപിടുത്തം രോഗികളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും എല്ലാ സംവിധാനവും ഒരുക്കിയാണ് ഐസിയു മാറ്റിയതെന്നും അധികൃർ വിശദീകരിക്കുന്നു. ഗുരുതര പരിക്കുകളുമായിഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

YouTube video player