രാത്രി പത്തുമണിയോടെയാണ് പൂട്ടിക്കിടക്കുകയായിരുന്ന റാണി മെറ്റൽസിന്‍റെ പിൻഭാഗത്ത് നിന്ന് പുക ഉയർന്നത്. തീ പിടിച്ച ഉടനെ ഫയർഫോഴ്സിനെ അറിയിച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി
കോഴിക്കോട്: പുതിയ ബസ്‍സ്റ്റാന്‍റിന് സമീപം കെട്ടിടത്തിൽ തീപിടിത്തം. റാണി മെറ്റൽസിലുണ്ടായ തീ പിടുത്തത്തിൽ രണ്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു.
രാത്രി പത്തുമണിയോടെയാണ് പൂട്ടിക്കിടക്കുകയായിരുന്ന റാണി മെറ്റൽസിന്‍റെ പിൻഭാഗത്ത് നിന്ന് പുക ഉയർന്നത്. തീ പിടിച്ച ഉടനെ ഫയർഫോഴ്സിനെ അറിയിച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി. സിറ്റിയിൽ നിന്നും മീഞ്ചന്ത സ്റ്റേഷനിൽ നിന്നും ഫയർ എഞ്ചിൻ എത്തിച്ച് അരമണിക്കൂറിനകം തീ പൂർണമായും കെടുത്തി.
തീ പിടിത്തമുണ്ടായപ്പോൾ കടയുടമ അടുത്തുണ്ടായിരുന്നില്ല. ഷട്ടർ പൊളിച്ചാണ് ആളുകൾ അകത്തുകടന്നത്. അലൂമിനിയം പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും വിൽക്കുന്ന കടയിലാണ് തീ പിടിത്തമുണ്ടായത്. കത്തി നശിച്ചതിൽ അധികവും പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളാണ്.
ഈ കെട്ടിടത്തിന്‍റെ മുകളിൽ ടെക്സ്റ്റൈൽസ് ഗോഡൗണാണ്. അവിടേക്ക് പടരുംമുമ്പ് തീ അണക്കാനായി. ഈ ഭാഗങ്ങളിൽ സുരക്ഷ പരിശോധന നടത്തി വരികയാണെന്നും വിശദമായ റിപ്പോർട്ട് നാളെ തയ്യാറാക്കുമെന്നും ഫയർഫോഴ്സ് അറിയിച്ചു.
