Asianet News MalayalamAsianet News Malayalam

Kochi Fire : കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലും കളമശ്ശേരിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും തീപിടിത്തം

രണ്ടിടത്തെയും തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Fire in waste processing facilities in kochi
Author
Ernakulam, First Published Jan 18, 2022, 6:19 PM IST

എറണാകുളം: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലും കളമശ്ശേരിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. അഗ്നിശമന സേന രണ്ട് മണിക്കൂർ പണിപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല.

കളമശ്ശേരിയിലെ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആദ്യം തീപിടിച്ചത്. കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്കും പടർന്നതോടെ തീ ആളിക്കത്തി. ഉടൻ തന്നെ നഗരസഭ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകൾ രണ്ട് മണിക്കൂർ പണപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കി. റെയിൽവെ, കൊച്ചി മെട്രോ, ദേശീയപാത എന്നിവയ്ക്ക് സമീപമായിരുന്നു തീപിടിത്തം. ഉച്ചയ്ക്ക് ശേഷം മാലിന്യസംഭരണ കേന്ദ്രത്തിൽ ജീവനക്കാർ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തീപിടിച്ചത്. ഫയർ എഞ്ചിനുകൾക്ക് മാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് കയറാൻ കഴിയാതിരുന്നത് ആദ്യം ആശങ്ക സൃഷ്ടിച്ചു. പിന്നീട് പ്ലാന്‍റിനുള്ളിലെ സംവിധാനം തന്നെ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. രണ്ടിടത്തെയും തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios