തൊഴിൽ നഷ്ടപ്പെട്ട മറ്റ് 12 പേർ കഴി‍ഞ്ഞ 8 ദിവസമായി ഇവിടെ റിലേ നിരാഹാര സമരം നടത്തുകയാണ്.

കൊച്ചി: സിപിഐ ഭരിപ്പിക്കുന്ന ഭവനനിർമാണ ബോർഡിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ എഐടിയുസി സംഘടനയിൽപ്പെട്ട താൽക്കാലിക ജീവനക്കാരന്‍റെ ആത്മഹത്യാ ഭീഷണി. രണ്ട് ദിവസത്തിനുളളിൽ പരിഹാരമുണ്ടാക്കാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചതോടെ ആത്മഹത്യാ ഭീഷണി മുഴക്കിയ തൊഴിലാളി മരത്തിൽ നിന്നിറങ്ങി. എറണാകുളം റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന ഭവന നിർമാണ ബോർഡിന്‍റെ ഓഫീസിലെ 13 താൽക്കാലിക ജീവനക്കാരാണ് സമരവുമായി രംഗത്തുളളത്. വേതന വർധന ആവശ്യപ്പെട്ട് നവകേരള സദസിൽ പരാതി നൽകിയതിനാണ് പിരിച്ചുവിട്ടതെന്നാണ് തൊഴിലാളികൾ പറയുന്നത്.

രാവിലെ 11 മണിയോടെയാണ് കൊച്ചി റവന്യൂ ടവറിന് മുകളിലുളള മരത്തിൽക്കയറി എറണാകുളം സ്വദേശി സൂരജ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭവനനിർമാണ ബോർഡിലെ താൽക്കാലിക ഡ്രൈവർ തസ്തികയിലേക്ക് തിരിച്ചെടുക്കണമെന്നാണ് ആവശ്യം. തൊഴിൽ നഷ്ടപ്പെട്ട മറ്റ് 12 പേർ കഴി‍ഞ്ഞ 8 ദിവസമായി ഇവിടെ റിലേ നിരാഹാര സമരം നടത്തുകയാണ്. പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തതിനാലാണ് സൂരജ് മരത്തിൽ കയറിയത്. ഒടുവിലും പൊലീസും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്ന് സൂരജ് മരത്തിൽ നിന്നിറങ്ങി.

വിഷയം പരിഗണിക്കാമെന്ന് മന്ത്രി കെ രാജന്‍റെ ഓഫീസ് അറിയിച്ചെന്നാണ് നേതാക്കൾ പറയുന്നത്. സിപിഐ ഭരിക്കുന്ന വകുപ്പാണെങ്കിലും സ്വന്തം തൊഴിലാളി യൂണിയനിൽപ്പെട്ടവർക്ക് പോലും നീതി കിട്ടുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിദിനം നൂറുരൂപ വേതന വർധന ആവശ്യപ്പെട്ടാണ് തൊഴിലാളികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയപ്പോൾ നവകേരള സദസിൽ പരാതി നൽകിയത്. ഇതിന്‍റെ പേരിൽ മനപൂർവം പിരിച്ചുവിട്ടെന്നാണ് ആക്ഷേപം. റിലേ നിരാഹാരം തുടരുമെന്നും രണ്ടുദിവസത്തിനുളളിൽ തീരുമാനമായില്ലെങ്കിൽ സംസ്ഥാന വ്യാപക സമരത്തിലേക്ക് കടക്കുമെന്നും തൊഴിലാളി യൂണിയൻ അറിയിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം