സരസമായും സൗഹാര്‍ദ്ദത്തോടെയും ഇടപെട്ട് സങ്കീര്‍ണ്ണത ഒഴിവാക്കുന്നതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ രീതി. വിവാദങ്ങളുടെ കൊടുമുടി കയറിയ രണ്ടാം പിണറായി സര്‍ക്കാര്‍ കോടിയേരി എന്ന വ്യക്തിയുടെ വിടവറിഞ്ഞതും ആ ശൈലി മാറിപ്പരീക്ഷിച്ചപ്പോഴാണ്

തിരുവനന്തപുരം: കോടിയേരിയുടെ വിയോഗത്തിന് വര്‍ഷമൊന്ന് തികയുമ്പോൾ സംസ്ഥാന സിപിഎം നേതൃത്വത്തിന് ഇത് ശൈലീ മാറ്റത്തിന്‍റെ കാലഘട്ടം കൂടിയാണ്. കാര്‍ക്കശ്യം നിലപാടുകളിലുണ്ടെങ്കിലും സരസമായും സൗഹാര്‍ദ്ദത്തോടെയും ഇടപെട്ട് സങ്കീര്‍ണ്ണത ഒഴിവാക്കുന്നതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ രീതി. വിവാദങ്ങളുടെ കൊടുമുടി കയറിയ രണ്ടാം പിണറായി സര്‍ക്കാര്‍ കോടിയേരി എന്ന വ്യക്തിയുടെ വിടവറിഞ്ഞതും ആ ശൈലി മാറിപ്പരീക്ഷിച്ചപ്പോഴാണ്.

വിഎസ് പിണറായി പോര് ഏറിയും കുറഞ്ഞുമിരുന്ന 2015 ലാണ് സംസ്ഥാന സെക്രട്ടറിയുടെ ഹോട്ട് സീറ്റിലേക്ക് കോടിയേരി എത്തുന്നത്. അതും മുഖ്യമന്ത്രിയാകാൻ പോയ പിണറായിക്ക് പകരക്കാരനായി. പാര്‍ട്ടിയും സര്‍ക്കാരും സമാനതകളില്ലാതെ ഐക്യപ്പെട്ടകാലമായിരുന്നു തുടര്‍ന്നങ്ങോട്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ പ്രതിരോധങ്ങളിൽ നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയപ്പോഴെല്ലാം ചെറുചിരിയോടെ സിദ്ധാന്ത ഭാരങ്ങളുടെ കുരുക്കഴിച്ചു കോടിയേരി. പിഎസ് സി സമരം മുതൽ സ്വര്‍ണ്ണക്കടത്ത് ആക്ഷേപം വരെ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദങ്ങളിൽ എന്ത് ചെയ്യുമെന്നും എങ്ങനെ പ്രതികരിക്കണമെന്നും ഭരണ നേതൃത്വം പകച്ച് നിന്നപ്പോൾ ഇലക്കും മുള്ളിനും കേടില്ലാതെ ആ ദൗത്യം നിറവേറ്റിയതും കോടിയേരിയുടെ നേതൃ മികവാണ്. കാര്‍ക്കശ്യത്തിന്‍റെ ഭാഷയെ ചിരിയുടെ ക്യാപ്സൂളിൽ പൊതിഞ്ഞ് കോടിയേരി പാര്‍ട്ടിയുടേയും സര്‍ക്കാരിന്‍റെയും മാത്രമല്ല പൊതു സമൂഹത്തിൽ പാര്‍ട്ടി അനുഭാവികളുടേയും മുഖം രക്ഷിച്ചു.

അനാരോഗ്യം കനത്ത് കോടിയേരി ബാലകൃ്ണൻ എകെജി സെന്‍ററിന്‍റെ പടിയിറങ്ങിയപ്പോഴാണ് പകരം എംവി ഗോവിന്ദനെത്തിയത്. ജനകീയ മുഖമായി കോടിയേരി ഇരുന്ന കസേരയിലേക്ക് എംവി ഗോവിന്ദനെ വരവേറ്റത് തന്നെ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ തുടക്കത്തിലെ വിവാദ പരമ്പരകളാണ്. അഴിമതിയും സ്വജനപക്ഷപാതവും ഭരണത്തിന്‍റെ കെടുകാര്യസ്ഥതയും തുടങ്ങി ഏറ്റവും ഒടുവിൽ വന്ന ഉപതെരഞ്ഞെടുപ്പ് തോൽവി വരെ പലവിധ പ്രതിസന്ധികളുണ്ടായി. ചെറു ചിരിയോടെ പ്രതിസന്ധികളുടെ ഊരാക്കുടുക്കുകൾ അഴിച്ചെടുത്തിരുന്ന കോടിയേരിയിൽ നിന്ന് ഏറെ വ്യത്യസ്ഥനാണ് സിദ്ധാന്തങ്ങളുടെ ചതുരവളവിനകത്തെ എംവി ഗോവിന്ദൻ. പാര്‍ട്ടി നേതാക്കൾക്കിടയിലെ വടംവിലകളിൽ തുടങ്ങി വിവാദ നിലപാടുകളിലെ പരസ്യ പ്രതികരണങ്ങളിൽ വരെ നയതന്ത്രത്തിന്‍റെ തുഴ നഷ്ടപ്പെട്ട അവസ്ഥ പലപ്പോഴുമുണ്ടായി. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയിൽ സരസമായി സംസാരിച്ചിരുന്ന കോടിയേരി ശൈലി എംവി ഗോവിന്ദന് വര്‍ഷമൊന്ന് കഴിഞ്ഞിട്ടും വഴങ്ങിയതേ ഇല്ല

പ്രതിസന്ധികളെ ചെറുചിരിയോടെ നേരിട്ട കോടിയേരിയിൽന്ന് എംവി ​ഗോവിന്ദനിലേക്കുള്ള ദൂരം

ഉൾപ്പാര്‍ട്ടി അച്ചടക്കത്തിലാണ് എംവി ഗോവിന്ദന്‍റെ ഊന്നൽ. ലക്ഷ്യം കൈവരിച്ചോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം. ഇനി പാര്‍ട്ടി അംഗങ്ങൾക്ക് അപ്പുറത്ത് സംസ്ഥാന സെക്രട്ടറിയുടെ ബഹുജന സ്വീകാര്യതയെ കുറിച്ചാണ് ചോദ്യമെങ്കിലോ? കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് തിരിച്ച് പറയുന്നവര്‍ പൊതുസമൂഹത്തിൽ മാത്രമല്ല പാര്‍ട്ടിക്ക് അകത്തും ഉണ്ട് ധാരാളം