ആലപ്പുഴ അർത്തുങ്കലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ശക്തമായ തിരമാലയിൽപ്പെട്ടാണ് അപകടം. സംസ്ഥാനത്ത് ന്യൂനമർദ്ദ സ്വാധീനഫലമായി കടൽ പ്രക്ഷുബ്ധമാണ്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആലപ്പുഴ: അർത്തുങ്കലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് തെറിച്ച് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോൾ ദേവസ്തി (55) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ വള്ളം ശക്തമായ തിരമാലകളിൽ പെട്ടതിനെ തുടർന്ന് തെറിച്ചു കടലിൽ വീഴുകയായിരുന്നു. ഇന്ന് പുലർച്ചെ അർത്തുങ്കൽ ആയിരം തൈ കടപ്പുറത്ത് നിന്നാണ് ഇദ്ദേഹം മത്സ്യബന്ധനത്തിന് പോയത്. കരക്കെത്തിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌‌മോർട്ടം നടത്തും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിക്കഴിഞ്ഞു. ഇതിൻ്റെ രണ്ടിൻ്റെയും സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിൻ്റെ ഭാഗമായാണ് കടൽ കൂടുതൽ പ്രക്ഷുബ്‌ധമാകുന്നതും.

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. കാറ്റോടും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.