അഴീക്കല്‍: കണ്ണൂർ അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവരുന്ന പഴഞ്ചൻ കപ്പലുകൾ കടലിൽ വെച്ച് തടയാനൊരുങ്ങി മത്സ്യത്തൊഴിലാളികൾ. തീരത്തോട് ചേർന്നുള്ള കപ്പൽപൊളിക്കലും അതുമൂലമുണ്ടാകുന്ന രാസമാലിന്യങ്ങളും മത്സ്യബന്ധനത്തെ ബാധിക്കുന്നുവെന്ന് കാട്ടിയാണ് കപ്പൽ പൊളിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തുന്നത്.

അഴീക്കലിൽ പൊളിക്കാൻ കൊണ്ടുവരുന്നതിനിടെ കടലിൽ ഒഴുകിപ്പോയ രണ്ട് പഴഞ്ചൻ കപ്പലുകൾ ഇപ്പോഴും മണലിലുറച്ച് കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയാണ് പൊളിക്കാനെത്തിച്ച രണ്ട് കപ്പലുകൾ കടൽ പ്രക്ഷുബ്ദമായതോടെ വടം പൊട്ടി ഒഴുകിപ്പോയത്.

ധർമ്മടം തുരുത്തിലും അഴീക്കലുമായി മണലിലുറച്ച കപ്പലുകൾ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച്ചയായി. കപ്പലുകൾ വാങ്ങി ഇവിടെയെത്തിച്ച കമ്പനി ഇവ ഉടനെ മാറ്റുമെന്നറിയിച്ചെങ്കിലും ആരുമെത്തിയിട്ടില്ല. രാസമാലിന്യങ്ങൾ വഹിക്കുന്ന പഴഞ്ചൻ കപ്പലുകൾ ഇത്തരത്തിൽ തീരത്തടിയുന്നതിലെ ഭീഷണി കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികൾ നിലപാട് കടുപ്പിക്കുന്നത്.

എന്നാൽ കപ്പൽ പൊളി നിർത്തിവെക്കുന്നതിനെക്കുറിച്ച് അധികൃതർ നിലവിൽ ആലോചിക്കുന്നില്ല. തീരത്തുറച്ചു പോയ കപ്പലുകൾ പൊലീസ് കാവലിൽ കരയ്ക്കെത്തിക്കാനാണ് കളക്ടർ നൽകിയിരിക്കുന്ന നിർദേശം. നേരത്തെ കടലിൽ വെച്ചു വരെ കപ്പൽ പൊളി നടത്തിയതിനെതിരെ അഴീക്കലിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇത് ശക്തമാക്കാനാണ് തീരുമാനം.