കോഴിക്കോട്: ദുരന്തബാധിത ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ ഇത്തവണയും മത്സ്യത്തൊഴിലാളികളായിരുന്നു. മലവെള്ളപ്പാച്ചിലിൽ ജീവൻ പണയംവെച്ച് ആയിരങ്ങളെയാണ് ഇവർ കരയ്ക്കടുപ്പിച്ചത്.

പ്രളയത്തിൽ നിന്നും കരയിലെ ജീവനുകളെ കോരിയെടുക്കാൻ കടലിന്റെ മക്കൾ വീണ്ടുമെത്തി. വലിയ ലോറികളിൽ ബോട്ട് കെട്ടിവെച്ച് ഇരുപതും മുപ്പതും പേരടങ്ങുന്ന സംഘം ഓരോ സ്ഥലത്തേക്കും കുതിച്ചെത്തുന്നു. ഫയർഫോഴ്സും പൊലീസും പകച്ച് നിൽക്കുന്നിടത്ത് പ്രളയജലത്തിലേക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്തു ചാടുന്നു

കുത്തിയൊലിച്ചെത്തുന്ന മഴവെള്ളത്തിൽ ജീവനും കയ്യിൽ പിടിച്ച് പേടിച്ച് കൂനിയിരിക്കുന്ന മനുഷ്യരെ തോണിയിലേറ്റി കരയിലേക്ക് വലിച്ചടുപ്പിക്കുന്നു. കോഴിക്കോടും കണ്ണൂരും കാസർകോടും വയനാടും മലപ്പുറത്തുമൊക്കെ രക്ഷകർ ഈ കരളുറപ്പുള്ള മനുഷ്യരാണ്. മാവൂരിൽ ഒരാൾ പൊക്കത്തിൽ റോഡിൽ ഒന്നരകിലോമീറ്ററോളം വെള്ളം കുത്തിയൊലിച്ച് പായുന്നു. തോണി ഉലയാതെ താങ്ങി നിർത്തുകയാണ് ഇവർ

കണ്ണൂർ ചെങ്ങളായിൽ നൂറിലേറെ പേരെ കരക്കെത്തിച്ചു. ശ്രീകണ്ഡാപുരത്ത് മൂന്ന് ദിവസമായി കുടുങ്ങിയ അന്യസംസ്ഥാനതൊഴിലാളികളെ ഫയർഫോഴ്സിന്റെ അപകട മുന്നറിയിപ്പ് വകവയ്ക്കാതെ രക്ഷപ്പെടുത്തി. രണ്ടു ദിവസമായി സമയത്ത് ഭക്ഷണം കഴിക്കാതെ ചെരുപ്പിടാതെ രക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ ഇവർ അധ്വാനിക്കുകയാണ്. 

കിലോമീറ്ററുകളോളം വെള്ളത്തിൽ പലകുറി അങ്ങോട്ടും ഇങ്ങോട്ടും ബോട്ട് വലിച്ചടുപ്പിച്ച് ആയിരങ്ങളെയാണ് ഇവർ കരയ്ക്കടുപ്പിച്ചത്. വെള്ളമിറങ്ങുമ്പോൾ കേരളത്തിന്‍റെ യഥാർത്ഥ സൈന്യമായ ഈ മനുഷ്യർമടങ്ങിപ്പോകും. തിരികെ ഒന്നും പ്രതീക്ഷിക്കാതെ.