ശ്രീകണ്ഠാപുരം: കണ്ണൂർ ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിൽ കുടുങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിച്ചു. ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഫയർഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യമാണ് മത്സ്യത്തൊഴിലാളികള്‍ പൂർത്തിയാക്കിയത്.

മൊത്തം ഏഴ് പേരെ ഇന്ന് രക്ഷിച്ചു. ശ്രീകണ്ഠാപുരത്ത് ശക്തമയ മഴ തുടരുമ്പോഴാണ് ജീവന്‍ പോലും പണയം വച്ച് മത്സ്യത്തൊഴിലാളികള്‍ എത്തി ഏഴ് പേരെ രക്ഷിച്ച് കൊണ്ടു വന്നത്. കണ്ണൂരില്‍ നിന്നാണ് ബോട്ടുമായി മത്സ്യത്തൊഴിലാളികള്‍ എത്തിയത്. അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

ജില്ലയിലെ മലയോര മേഖലകളിലും ഭീതിയൊഴിയുന്നില്ല. പുഴയോട് ചേർന്ന നഗര പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ ടൗണുകളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയിൽ 71 ക്യാമ്പുകളിലായി 8000ത്തിലധികം ആളുകൾ കഴിയുന്നുണ്ട്.