ഇതുവരെ കടലാക്രമണം ഉണ്ടായിട്ടില്ലാത്ത അഴീക്കൽ പോലുള്ള ഭാഗങ്ങളിൽ കടലിന്റെ 50 മീറ്റർ പരിധിയിൽ വലിയ തുകയ്ക്ക് വീടു വച്ചവർ പോലും ആ വീട് ഉപേക്ഷിച്ചുപോകണമെന്നാണ് സർക്കാ‍ർ ആവശ്യപ്പെടുന്നത്

കണ്ണൂർ : സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ പുനർഗേഹത്തിനെതിരെ(punargeham project) ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികൾ(fishermen) രംഗത്ത്. തീരദേശത്ത് നിന്ന് മാറി പുതിയ വീട് നിർമിക്കാൻ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ പര്യാപ്തമല്ലെന്നാണ് പരാതി.വീടുവെക്കാൻ ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ പോലും പത്തു ലക്ഷം രൂപ മതിയാവാത്ത സാഹചര്യമാണ് പലർക്കുമുള്ളത്.

മത്സ്യത്തൊഴിൽ ഉപേക്ഷിച്ച് വിദേശത്ത് പോയി ഏറെ നാൾ അധ്വാനിച്ച കാശ് കൊണ്ടാണ് വിശ്വൻ കണ്ണൂർ അഴീക്കൽ കടൽത്തീരത്ത് ഏഴ് സെന്‍റ് ഭൂമി വാങ്ങി വീടുപണി തുടങ്ങിയത്. ലക്ഷങ്ങൾ മുടക്കിയിട്ടും മതിയാകാതെ വന്നതോടെ സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്തു. ഗൾഫിലെ ജോലി നഷ്ടപ്പെട്ടതോടെ ലോൺ തിരിച്ചടക്കാനാകാതെ ജപ്തി നടപടിയായി. ഇതേ സമയത്താണ് സംസ്ഥാന സർക്കാർ പുനർ ഗേഹം പദ്ധതി പ്രഖ്യാപിച്ചത്. തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മുഴുവൻ മത്സ്യത്തൊഴിലാളികളെയും മാറ്റിപ്പാർപ്പിക്കുന്നതാണ് പദ്ധതി. ഇതിനായി ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ നൽകും. എന്നാൽ 10 ലക്ഷം കൊണ്ട് ഒന്നു മാവില്ലെന്നാണ് വിശ്വൻ അടക്കമുള്ളവരുടെ പരാതി

പുനർഗേഹം പദ്ധതിയിൽ ഉൾപെടുത്തി ഇതുവരെ 1100 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് വച്ച് നൽകിയെന്നാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ കണക്ക്. രൂക്ഷമായ കടലാക്രമണമുള്ള സ്ഥലത്ത് താമസിക്കുന്നവർക്ക് ഈ പദ്ധതി ഗുണകരവുമാണ്. എന്നാൽ ഇതുവരെ കടലാക്രമണം ഉണ്ടായിട്ടില്ലാത്ത അഴീക്കൽ പോലുള്ള ഭാഗങ്ങളിൽ കടലിന്റെ 50 മീറ്റർ പരിധിയിൽ വലിയ തുകയ്ക്ക് വീടു വച്ചവർ പോലും ആ വീട് ഉപേക്ഷിച്ചുപോകണമെന്നാണ് സർക്കാ‍ർ ആവശ്യപ്പെടുന്നത്. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെടുമ്പോൾ 10 ലക്ഷം രൂപ മാത്രം അനുവദിക്കുന്നത് നീതികരമല്ലെന്നാണ് മൽസ്യത്തൊഴിലാളികളുടെ പരാതി

ചാകര തേടി, ദുരിതകാലം പിന്നിട്ട് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ ഇന്ന് അർദ്ധ രാത്രി മുതല്‍ ആഴക്കടലിലേക്ക്

തിരുവനന്തപുരം: ട്രോളിങ് നിരോധനത്തിന്റെ (Trawling Ban) ദുരിതകാലം പിന്നിട്ട് സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ ചാകര തേടി ഇന്ന് അർദ്ധ രാത്രി മുതല്‍ ആഴക്കടലിലേക്ക്. ബോട്ടുകളുടെ അവസാനഘട്ട അറ്റകുറ്റപ്പണികളും കടലിൽ ദിവസങ്ങളോളം തങ്ങാനുള്ള മറ്റ് സജ്ജീകരങ്ങളും പുരോഗമിക്കുകയാണ്. 

52 ദിവസത്തെ ട്രോളിംഗ് നിരോധനം തീരപ്രദേശത്ത് വറുതിയുടെ കാലമായിരുന്നു. 4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുത്തിരുന്നു. ഹാര്‍ബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസൽ ബങ്കുകളും അടച്ചിട്ടു. 

മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെ അനുബന്ധ തൊഴിൽ മേഖലകളിലും ട്രോളിംഗ് നിരോധനം സാരമായ പ്രതിഫലനമുണ്ടാക്കിയിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലവും കടലിലെ മത്സ്യ സമ്പത്തും സംരക്ഷിക്കാൻ കാലങ്ങളായി പരമ്പരാഗത മത്സ്യതൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ചെവികൊണ്ടില്ലെന്ന് ആക്ഷേപം ബാക്കിയാക്കിയാണ് ഈ വ‍ര്‍ഷത്തെ ട്രോളിങ് കാലവും കടന്നുപോകുന്നത്.

ഇതിനെല്ലാം പുറമെ പലവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴിൽ ദിനങ്ങളാണെന്നും തീരദേശത്തെ പട്ടിണിമാറ്റാൻ അടിയന്തര ഇടപെടൽ വേണമെന്നുമുള്ള സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ ആവശ്യങ്ങളും പ്രഖ്യാപനങ്ങളിൽ മാത്രം തട്ടിനിന്നു. എങ്കിലും ഏറെ പ്രതീക്ഷയോടെയാണ് 52 ദിവസത്തിന് ശേഷം മത്സ്യത്തൊഴിലാളികൾ ചാകര തേടി കടലിലേക്ക് ഇറങ്ങുന്നത്. മഴയും കോളും ചതിച്ചില്ലെങ്കിൽ ഈ വ‍ര്‍ഷമെങ്കിലും ആശ്വാസമാകാൻ കടലിന് സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.