കടലില്‍ താഴ്ന്ന് കിടക്കുന്ന കണ്ടെയ്നറിൽ ഉടക്കിയാണ് വലകൾ നശിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്
ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ വല നശിക്കുന്ന സംഭവം തുടര്‍കഥയാകുന്നതായി പരാതി. തൃക്കുന്നപ്പുഴ പതിയാങ്കര വള്ളേരിൽ രാജു നേതൃത്വം നൽകുന്ന ആരാധന വള്ളത്തിന്റെ 1000 കിലോയോളം വലയും 450 കിലോ ഈയക്കട്ടയും നഷ്ടപ്പെട്ടു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നത്. സമാനമായി രാജേന്ദ്രന്റെ ഉടമസ്തയിലുള്ള കാനനവാസൻ വള്ളത്തിന്റെ 500 കിലോ വല നഷ്ടമായിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കൊച്ചിയിലെ കപ്പൽ അപകടത്തിനു ശേഷമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്
കടലില്‍ താഴ്ന്ന് കിടക്കുന്ന കണ്ടെയ്നറിൽ ഉടക്കിയാണ് വലകൾ നശിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞദിവസം കണ്ടെയ്നറിന്റെ ഭാഗങ്ങൾ വലയിൽ ഉടക്കിയ നിലയില്‍ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിലെ ഇരുപതോളം വള്ളങ്ങളുടെ വലയാണ് ഇത്തരത്തിൽ നശിച്ചത്. കടലിൽ താഴ്ന്ന കണ്ടെയ്നർ കണ്ടെത്താൻ ശാസ്ത്രീയ പരിശോധന വേണമെന്നും നാശം വന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
