സംഭവത്തില്‍ കല്ലായ് സ്വദേശികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായി പന്നിയങ്കര പൊലീസ് അറിയിച്ചു.
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് കോഴിക്കോട് (Kozhikode) കല്ലായിയില്‍ പള്ളി കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേർ അറസ്റ്റില്‍. കല്ലായ് സ്വദേശികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായി പന്നിയങ്കര പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു സംഘമാളുകൾ കട്ടയാട്ട് പറമ്പ് മസ്ജിദ് നൂറാനിയയ്ക്ക് സമീപം താമസിക്കുന്ന യഹിയയുടെ വീട് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചത്.
ദൃശ്യങ്ങളടക്കം തെളിവായുണ്ടായിട്ടും നാടിനെ ഞെട്ടിച്ച അക്രമം നടന്ന് ആറ് ദിവസം അനങ്ങാതിരുന്ന പന്നിയങ്കര പോലീസ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ അനങ്ങി തുടങ്ങി. കല്ലായ് സ്വദേശികളായ അബ്ദുല്‍ മനാഫ്, തൗഫീഖ്, ഫിറോസ്, സിദ്ധിഖ്, സല്‍മാനു ഫാരിസ് എന്നിവരെയാണ് വൈകീട്ടോടെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ അക്രമത്തിന് നേതൃത്ത്വം നല്‍കിയവരെന്ന് കുടുംബം ആരോപിച്ച പള്ളികമ്മറ്റി സെക്രട്ടറിയടക്കമുള്ള പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പള്ളിക്ക് തൊട്ടടുത്ത് താമസിക്കുന്ന യഹിയയുടെ വീട് അക്രമിസംഘം മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചത്. വീട്ടില്‍ സ്ത്രീകൾ മാത്രമുള്ളപ്പോഴായിരുന്നു ആക്രമണം.
പള്ളിയോട് ചേർന്ന് നിർമ്മിച്ച ശൗചാലയം അനധികൃതമാണെന്ന് കാട്ടി യഹിയ നല്‍കിയ പരാതിയില്‍ കോർപ്പറേഷന്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ ജനുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇതാണ് പള്ളികമ്മറ്റിയിലെ ഒരുവിഭാഗത്തിന് തന്നോട് പക തോന്നാന്‍ കാരണമെന്നാണ് യഹിയ പറയുന്നത്. വ്യാജ പ്രചാരണത്തിലൂടെ തന്നെയും കുടുംബത്തെയും ചിലർ ഒറ്റപ്പെടുത്തുകയാണ്.
അതേസമയം പള്ളിയുടെ മതിലിനോട് ചേർന്ന് യഹിയ അനധികൃത നിർമ്മാണം നടത്തിയെന്നാണ് പള്ളികമ്മറ്റി സെക്രട്ടറിയുടെ വാദം. അക്രമം നടത്തിയത് ആരാണെന്ന് അറിയില്ലെന്നും, അതിർത്തി തർക്കം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചിട്ടും കുടുംബം തയാറാകുന്നില്ലെന്നും പള്ളികമ്മറ്റി സെക്രട്ടറി ജംഷി പറഞ്ഞു. തർക്കം നിലനില്‍ക്കുന്നതിനാല്‍ അതിർത്തി പുനർ നിർണയിക്കാന്‍ റവന്യൂ വകുപ്പിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
'തൃശൂർ മേയർ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു'; കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ്
കോർപ്പറേഷൻ മേയർ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മേയർ എംകെ വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഐപിസി 308 , 324 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു തൃശ്ശൂർ കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. കൌൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൌൺസിലർമാർ കാറിൽ ചെളിവെള്ളം ഒഴിച്ചിരുന്നു. ഇതിനിടെ ആയിരുന്നു പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയതായി കൗൺസിലർമാർ ആരോപണം ഉന്നയിച്ചത്.
ചൊവ്വാഴ്ച മേയറുടെ ചേമ്പറിലും കൗൺസിൽ ഹാളിലുമായി പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. മേയറുടെ ചേമ്പറിൽ അതിനാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. വൈകുന്നേരം നാല് മണിക്കാണ് കൗൺസിൽ യോഗം ചേരാനിരുന്നത്. ഇതിനായി മേയർ സ്ഥലത്തെത്തി. ഈ സമയത്ത് കൗൺസിലർമാർ മേയറുടെ കോലവുമായാണ് എത്തിയത്. കോലത്തിൽ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതി.
ഇതറിഞ്ഞ മേയർ കോർപ്പറേഷൻ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ് കൗൺസിലർമാർ വിടാതെ മേയറെ പിന്തുടർന്നു. തുടർന്ന് മേയറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധം തുടങ്ങി. തുടർന്ന് കൗൺസിലർമാർ കാറിന് മുന്നിൽ മേയറെ തടയുകയായിരുന്നു. കാർ മുന്നോട്ടെടുത്തപ്പോൾ ഒരു കൗൺസിലർക്ക് പരിക്കേറ്റു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തടയുന്ന കൌൺസിലർമാരെ വകവയ്ക്കാതെ ഡ്രൈവറോട് കാറ് മുന്നോട്ടെടുക്കാൻ മേയർ ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
സംഭവത്തിന് പിന്നാലെ യുഡിഎഫ് കൗൺസിലർമാർ മേയറുടെ ചേമ്പറിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചിരുന്നു. മേയർ ഇവിടേക്ക് തിരിച്ചുവരണമെന്നും മാപ്പ് പറയണമെന്നുമായിരുന്നു ഇവരുടെ പ്രധാന ആവശ്യം. കയ്യിലുള്ള കുപ്പികളിലുള്ളതുപോലെ കലക്കവെള്ളമാണ് 55 ഡിവിഷനുകളിലും കുടിവെള്ളമായി വിതരണം ചെയ്യുന്നതെന്നാണ് കൗൺസിലർമാർ ആരോപിക്കുന്നത്.
