എറണാകുളത്തും തിരുവനന്തപുരത്തുമായി ലഹരി കേസുകളിൽ അഞ്ച് പേർ പിടിയിലായി

തിരുവനന്തപുരം: എറണാകുളത്തും തിരുവനന്തപുരത്തുമായി ലഹരി കേസുകളിൽ അഞ്ച് പേർ പിടിയിലായി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ സ്വദേശികളായ മുഹമ്മദ് സിയാദ് (29), സ്വദേശി ഷഫീർ (34) എന്നിവരെയും എറണാകുളത്ത് മട്ടാഞ്ചേരി സ്വദേശി മുനീറും തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി ജെ ജാബത്തും എംഡിഎംഎയുമായാണ് പിടിയിലായത്. ഇവരിൽ നിന്ന് യഥാക്രമം 25 ഗ്രാം, 51 ഗ്രാം എന്നീ അളവുകളിൽ എംഡിഎംഎ കണ്ടെത്തി. ഇതിന് പുറമെ ലഹരി കടത്തുകളിൽ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന മറ്റൊരാളും തിരുവനന്തപുരത്ത് പിടിയിലായി.

മട്ടാഞ്ചേരിയിൽ നിന്നാണ് ജാബത്തും മുനീറും പിടിയിലായത്. മുനീർ ഖത്തറിൽ വച്ച് മയക്കുമരുന്ന് കൈവശം വച്ചതിന് 5 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ജയിലിൽ വച്ചാണ് മുനീർ ജാബത്തിനെ പരിചയപ്പെട്ടത്. നാട്ടിലെത്തിയ ശേഷവും ലഹരി ഇടപാട് തുടരുകയാണ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന് ലഭിച്ച രഹസ്യ വിവരമാണ് കണ്ണൂർ സ്വദേശികളായ പ്രതികളെ കുടുക്കിയത്. തിരുവനന്തപുരം ആനയറ കിംസ് ആശുപത്രിക്ക് സമീപം ലോഡ്‌ജിൽ താമസിക്കുകയായിരുന്നു പ്രതികൾ. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി ഇരുവരും പിടിയിലായത്.

തിരുവനന്തപുരത്ത് ലഹരി കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന പെരുമാതുറ സ്വദേശി മാഹിനാണ് (30) പിടിയിലായ അഞ്ചാമൻ. കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ചിറയിൻകീഴ് മേഖലകൾ കേന്ദ്രീകരിച്ച് ഇയാൾ ലഹരി വ്യാപാരം നടത്തി വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാൾ നേരത്തെയും ലഹരി കേസുകളിൽ പിടിയിലായെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

YouTube video player