അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം; കല്ലടിക്കോട് ബൈക്ക് ലോറിയിലിടിച്ച് രണ്ട് പേർ മരിച്ചു
പാലക്കാട്: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് മരണം. പത്തനംതിട്ടയിലും പാലക്കാടുമായാണ് അഞ്ച് പേർ മരിച്ചത്. അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മടവൂർ സ്വദേശി രാജശേഖര ഭട്ടത്തിരി, ഭാര്യ ശോഭ, മകൻ നിഖിൽ രാജ് എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടത്തിരിയും ശോഭയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലൽ പ്രവേശിപ്പിച്ച നിഖിൽ രാജ് പിന്നീടാണ് മരിച്ചത്. രാവിലെ 6.20ന് ആണ് അപകടം ഉണ്ടായത്.
ഏനാത്ത് വാഹനാപകടം: മരണസംഖ്യ മൂന്നായി, മരണപ്പെട്ട ദമ്പതികളുടെ മകനും മരിച്ചു

പാലക്കാട് കല്ലടിക്കോട് രാവിലെയുണ്ടായ വാഹനാപകടത്തിലും രണ്ട് പേർ മരിച്ചു. ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരാണ് മരിച്ചത്. മണ്ണാർക്കാട് സ്വദേശി ജോസ്, പയ്യനെടം സ്വദേശി രാജീവ് കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി സമീപത്തെ പൊലീസ് സ്റ്റേഷന്റെ മതിലും തകർത്തു.
