ഹർജി അടുത്ത ദിവസം പരിഗണിക്കാനിരിക്കെ ഇന്നലെയാണ് ഹർജി പിൻവലിച്ചത്. ഹർജി നിലനിൽക്കില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു.
കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ കെ കെ ശൈലജ ഉൾപ്പടെ അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. ഹർജി അടുത്ത ദിവസം പരിഗണിക്കാനിരിക്കെ ഇന്നലെയാണ് ഹർജി പിൻവലിച്ചത്. ഹർജി നിലനിൽക്കില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. എംഎൽഎമാരായ കെ കെ ഷൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഇഡിയുടേത് അനാവശ്യ കടന്നു കയറ്റമാണ് എന്നും ഈ ഇടപടെലുകൾ വികസനത്തെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
അതേസമയം കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസകിനും കിഫ്ബി ഉദ്യോഗസ്ഥർക്കും എതിരെ എൻഫോഴ്സ്മെന്‍റ് സമൻസ് അയക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്ക് തടഞ്ഞു. ഇഡിയുടെ സമൻസും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്‍റെ ഉത്തരവ്. കേസിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജറെ സ്വമേധയാ കക്ഷി ചേർത്ത കോടതി, റിസർവ് ബാങ്കിന് നോട്ടീസയക്കാനും നിർദ്ദേശിച്ചു. മസാലബോണ്ട് വിതരണത്തിനെതിരായ ഇഡി അന്വേഷണം തുരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ ഇടപെടാൻ അധികാരമില്ലെങ്കിലും ഹർജിക്കാരെ തുടർച്ചയായി സമൻസ് അയച്ച് വിളിപ്പിക്കുന്നത് നീതികരിക്കാൻ കഴിയില്ലെന്ന് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.
സമൻസ് റദ്ദാക്കാനുള്ള ഹർജിയിൽ റിസർവ് ബാങ്കിന്‍റെ കൂടി വിശദീകരണം ലഭിച്ച ശേഷമായിരിക്കും അന്തിമ വിധിയുണ്ടാവുക. ഹർജികൾ നവംബർ 15 ന് കോടതി വീണ്ടും പരിഗണിക്കും. മസാലബോണ്ടിലൂടെ ധനസമാഹരണം നടത്തിയതിൽ ഫെമ ലംഘനം ആരോപിച്ചാണ് ഇഡി കിഫ്ബിയ്ക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. എന്നാൽ റിസർവ്വ് ബാങ്ക് അനുമതിയോടെയാണ് മസാലബോണ്ടിറക്കിയതെന്നും ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമില്ലെന്നുമായിരുന്നു തോമസ് ഐസക് അടക്കമുള്ള ഹർജിക്കാരുടെ വാദം.
