കോഴിക്കോട്: ഡിഎഫ്ഒ എം രാജീവനെ  കയ്യേറ്റം ചെയ്ത സംഭവത്തിൽ അറസ്റ്റ് ചെയ്ത അഞ്ച് പേരെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. കിസാൻ കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അടക്കം അഞ്ച് പേരെ ഇന്ന് രാവിലെ ആറ് മണിക്കാണ് അറസ്റ്റ് ചെയ്തത്. അതേസമയം പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നെന്ന് ഇരുമുന്നണികളും പരസ്പരം ആരോപിക്കുന്നു.

പ്രതിഷേധത്തിനിടെ ഡിഎഫ്ഒ യെ തടഞ്ഞ കിസാന്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി അഡ്വ. ബിജു കണ്ണന്തറ, അഷറഫ് കോരങ്ങാട്, ഫസൽ കാരാട്ട്, ജാസിൽ പുതുപ്പാടി, ബേബി തോമസ് എന്നിവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ബഫർ സോണുമായി ബന്ധപ്പെട്ട സംശങ്ങൾക്ക് മറുപടി പറയുന്ന യോഗ ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഡിഎഫ്ഒ യ്ക്കെതിരെ യുഡിഎഫ് പ്രതിഷേധം. 

ഡിഎഫ്ഒ ഇടത് പക്ഷത്തിനൊപ്പം ചേർന്ന് പ്രശ്നത്തെ രാഷ്ട്രീയ വൽക്കരിക്കുകയാണെന്നും സർവ്വീസ് ചട്ട ലംഘനം നടത്തുകയാണെന്നും കെ പി സിസി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ് ആരോപിച്ചു. ഇതോടെ മലബാർ വന്യജീവി സങ്കേതത്തിന്‍റെ ബഫർ സോണ്‍ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പം ഇരു മുന്നണികളും തമ്മിലുള്ള രാഷ്ട്രീയ തർക്കത്തിലേക്ക് നീളുമെന്നുറപ്പായി. 

ഡിഎഫ്ഒ വിളിച്ച യോഗത്തിന്‍റെ സംഘാടകനായി കർഷക സംഘം നേതാവ് പങ്കെടുത്തത് അംഗീകരിക്കനാവില്ലെന്നാണ് യുഡിഎഫ് നിലപാട്. യോഗത്തിൽ ആകെ പങ്കെടുത്ത രണ്ട് പഞ്ചായത്ത് പ്രസിഡൻ്റുമാരും സിപിഎം ജനപ്രതിനിധികളാണ്.

അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫ് മനപൂർവ്വം നാടകം കളിക്കുകയാണെന്നാണ് ഇടതു പക്ഷത്തിന്‍റെ ആരോപണം. പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് യുഡിഎഫ് ജനങ്ങളെ ആശങ്കയിലാക്കുകയാണെന്നും ഇടതു പക്ഷം ആരോപിക്കുന്ന

ഹൈക്കോടതി സ്റ്റേയുടെ പശ്ചാത്തലത്തിൽ നേരത്തെ താമരശ്ശേരി  രൂപതാധ്യക്ഷന പ്രഖ്യാപിച്ച് സമരപരിപാടികൾ മാറ്റി വെച്ചെങ്കിലും സമരം ശക്തമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. ഒക്ടോബർ ഒന്നിന് താമരശ്ശേരിയിൽ നടക്കുന്ന 24 മണിക്കൂർ ഉപവാസ സമരത്തിൽ പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കും.