ക്ലാസ് വിട്ട് കുട്ടികള്‍ പുറത്തേക്ക് വരുന്ന സമയത്താണ് ശക്തമായ കാറ്റില്‍ സ്‌കൂള്‍ ഗ്രൗണ്ടിലുള്ള മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണത്.
കൊച്ചി: എറണാകുളം ജില്ലയിലെ കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടിൽ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ പത്ത് വയസ്സുകാരൻ അലന്‍റെ തലയോട്ടിക്കാണ് പൊട്ടലേറ്റത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്.
ക്ലാസ് വിട്ട് കുട്ടികള്‍ പുറത്തേക്ക് വരുന്ന സമയത്താണ് ശക്തമായ കാറ്റില്‍ സ്‌കൂള്‍ ഗ്രൗണ്ടിലുള്ള മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണത്. ഇതിനടിയില്‍ പെട്ട് തലക്ക് ആഴത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ സ്‌കൂള്‍ അധികൃതർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തലയോട്ടിക്ക് പൊട്ടലുണ്ടെന്നും കൂടുതല്‍ വിശദമായ പരിശോധനക്ക് ശേഷമേ ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന് പറയാന്‍ വ്യക്തമാക്കാൻ കഴിയൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം എറണാകുളത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴക്കാലത്തിന് മുമ്പ് സ്‌കൂള്‍ ഗ്രൗണ്ടിലെ അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റാത്തതാണ് അപകടകാരണമായതെന്ന് പരിസരവാസികൾ പറഞ്ഞു. അലന്‍റെ ചികിത്സക്ക് സാന്പത്തിക പിന്തുണ നൽകാൻ സഹകരിക്കണമെന്ന് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
അതേസമയം നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിൽ മഴ തുടരുകയാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ഭാഗങ്ങളിലും ലഭിച്ച മഴ 50 മി. മീറ്ററിന് മുകളിലാണ്. 2018-ൽ പ്രളയജലം ഇറങ്ങിയ ഭാഗങ്ങളിൽ അതീവ ജാഗ്രത തുടരണമെന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം. നാലംഗ സ്ക്വാഡ് രൂപീകരിച്ചുള്ള കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
Read More : യുകെയെ ഞെട്ടിച്ച കൂട്ടക്കൊല; മലയാളി നഴ്സിനെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊന്നു, ഭർത്താവിന് 40 വർഷം തടവ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

