ചൊവ്വാഴ്ചയാണ് പാർക്കിലെത്തിയ 5 വയസ്സുകാരൻ മുഹമ്മദ് ആദം പാർക്കിനോട് ചേർന്നുള്ള ചാലിൽ മുങ്ങിമരിച്ചത്. പിന്നാലെ പാർക്കിന് ലൈസൻസില്ലെന്നും അനധികൃത നിർമാണം അടക്കം നൽകിയതിനാൽ സ്റ്റോപ്പ് മെമ്മോ നൽകിയെന്നും കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
എറണാകുളം: കിഴക്കമ്പലത്തെ പാർക്കിൽ അഞ്ചുവയസ്സുകാരൻ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം തുടങ്ങിയെന്ന് തടിയിട്ട പറമ്പ് പൊലീസ്. ജംഗിൾ പാർക്കിന് പിന്നിലെ ചതുപ്പിൽ വീണാണ് അഞ്ചുവയസ്സുകാരൻ മുഹമ്മദ് ആദം മരിച്ചത്. സംഭവത്തില്‍ പഴങ്ങനാട് പ്രവർത്തിക്കുന്ന ജംഗിൾ പാർക്കിന് ആവശ്യമായ രേഖകൾ ഇല്ലെന്ന് കിഴക്കമ്പലം പഞ്ചായത്ത് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിൽ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു പാർക്ക് പ്രവർത്തിച്ചിരുന്നത്. അനധികൃത നിർമ്മാണവും പ്രവർത്തനവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ് മെമ്മോ നൽകിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും തമ്മിൽ തർക്കമുണ്ടായി. ലൈസൻസിനായി ഉടമകൾ സമീപിച്ചപ്പോൾ ആവശ്യമില്ലെന്ന് സെക്രട്ടറി പറഞ്ഞുവെന്നും ഉദ്യോഗസ്ഥ വീഴ്ചയാണ് ഉണ്ടായതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ജിൻസി അജി ആരോപിച്ചു. ആരോപണം നിഷേധിച്ച സെക്രട്ടറി ടി അജി ഓപ്പൺ ജിം, തുടങ്ങാനാണ് ഉടമകൾ സമീപിച്ചതെന്നും ഇതിന് ലൈസൻസ് ആവശ്യമില്ലെന്നും നേരത്തെ പ്രതികരിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റിൽ വലിയ കളപ്പത്തറവീട്ടിൽ മുഹമ്മദ് നസീറിന്റെയും അമീറയുടെയും അഞ്ച് വയസുകാരനായ മകൻ മുഹമ്മദ് ആദം ജംഗിൾ പാർക്കിന്റെ ചതുപ്പിൽ വീണ് മരിച്ചത്. തമ്മനം പ്രീ സ്കൂളിലെ 25 അംഗസംഘം പാർക്ക് സന്ദർശിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ- സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. പാർക്കിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് അധ്യാപകരും ജീവനക്കാരും ചേർന്ന് തെരച്ചിൽ നടത്തി. തെരച്ചിലിനിടെ പാർക്കിന് സമീപത്തെ കുഴിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പുറത്തെടുത്ത കുട്ടിയെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


