ഇടുക്കിയിൽ ഒൻപത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇടുക്കി: ഇടുക്കിയിൽ ഒൻപത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടിൽ ഗിരീഷിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. 2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന പെൺകുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോൾ പ്രതിയുടെ മകളുടെ കൂടെ കളിക്കാൻ പ്രതിയുടെ വീട്ടിൽ എത്തിയ സമയത്താണ് അതിക്രമം ഉണ്ടായത്. 

പ്രതിയുടെ വീടിന്റെ ടെറസിൽ ഇരുന്നു കളിച്ചു കൊണ്ടിരുന്ന അതിജീവിതയെ പെൻസിൽ എടുക്കാൻ പ്രതിയുടെ മകൾ പറഞ്ഞു വിട്ടപ്പോൾ ഗിരീഷ് റൂമിൽ വച്ച് കുട്ടിയോട് അതിക്രമം കാണിച്ചു എന്നാണ് പ്രൊസീക്യൂഷൻ കേസ്. കേസിന്‍റെ വിചാരണയിൽ പ്രതിയുടെ ഭാര്യയും പ്രതിയുടെ സ്വന്തം മകളും പ്രതിക്കെതിരെ മൊഴി നൽകിയതും കേസിൽ നിർണായകമായി. പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.

YouTube video player