Asianet News MalayalamAsianet News Malayalam

വിമാനത്തിലെ പ്രതിഷേധം പെട്ടെന്ന് തീരുമാനിച്ചതെന്ന് പ്രതികൾ; സ്വീകരണമൊരുക്കി ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ്

ജാമ്യം ലഭിച്ച പ്രതികള്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ കണ്ണൂരിലും തിരുവന്തപുരത്തുമായി പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംഘം

Flight protest was sudden decision says accused youth congress workers
Author
Thiruvananthapuram, First Published Jun 24, 2022, 7:24 PM IST

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമം നടത്തിയെന്ന കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും കേസ് അന്വേഷണം ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രത്യേക അന്വേഷണം സംഘം. പ്രതിഷേധം ഗൂഡാലോചനയുടെ ഭാഗമായിരുന്നില്ലെന്നും പെട്ടെന്ന് തീരുമാനിച്ചതാണെന്നും ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർക്ക് ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉന്നയിച്ച സംശയങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്. മുഖ്യമന്ത്രിയോട് പ്രതികൾക്ക് വ്യക്തി വിരോധമില്ലെന്നായിരുന്നു കോടതി ഉത്തരവ് വന്നതോടെ വധശ്രമ വകുപ്പ് നിലനിൽക്കുമോ എന്നാണ് പ്രധാന സംശയം. ഈ സാഹചര്യത്തിൽ തെളിവുകള്‍ ശേഖരിച്ച് കേസിന്റെ നിലനിൽപ്പിനായി ശ്രമിക്കുകയാണ് അന്വേഷണ സംഘം. 

ജാമ്യം ലഭിച്ച പ്രതികള്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ കണ്ണൂരിലും തിരുവന്തപുരത്തുമായി പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംഘം. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ സഞ്ചരിക്കാൻ അവസാന നിമിഷം ഒന്നാം പ്രതി ഫർസീൻ മജീദ് മൂന്ന് ടിക്കറ്റെടുത്തത് ഗൂഢാലോചനയുടെ തെളിവാണെന്നാണ് പൊലീസ് നിലപാട്. 23 മിനിറ്റ് പ്രതികള്‍ വീമാനത്താവളത്തിൽ ഗൂഢാലോചന നടത്തിയെന്നതിന് തെളിവുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. 

മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്തു എന്നതിന് സാക്ഷിമൊഴികളുണ്ട്. വിമാന കമ്പനി ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇൻഡിഗോ നടത്തുന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പൊലീസ് റിപ്പോർട്ടിന് എതിരാണെങ്കിൽ അതും കേസിനെ ദുർബലപ്പെടുത്തും. ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഫർസീൻ മജീദും ആർകെ നവീൻകുമാറും വധശ്രമവും ഗൂഢാലോചന വാദവും തള്ളി. മൂന്നാം പ്രതി സുജിത്നാരായണൻ 28ന് വലിയതുറ സ്റ്റേഷനിൽ ഹാജരാകും.

സാക്ഷി മൊഴികളിലും സാഹചര്യ തെളിവുകളിലും മാത്രമാണ് വധശ്രമക്കേസ് നിൽക്കുന്നത്. ഇത് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളിയാണ്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് വധശ്രമക്കേസ് പരിഗണിക്കുന്നത്. ഏവിയേഷൻ വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസായതിനാൽ എൻഐഎ കോടതി പോലെ  ഒരു പ്രത്യേക കോടതിയിലേക്ക് തുടർ വിചാരണകള്‍ മാറ്റാണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനെ പൊലീസ് സമീപിക്കാനും നീക്കമുണ്ട്.

Follow Us:
Download App:
  • android
  • ios