Asianet News MalayalamAsianet News Malayalam

'കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരും': കേന്ദ്ര ജല കമ്മീഷന്‍

പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്‍റ്യാടി നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം തുടരും. 

flood warning in kerala will continue
Author
Trivandrum, First Published Aug 10, 2020, 8:46 PM IST

ദില്ലി: കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ. വലിയ അണക്കെട്ടുകളായ ഇടമലയാർ, ഇടുക്കി ഡാമുകളിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. എന്നാൽ ചെറിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യത്തിൽ ജലം ഒഴുക്കിവിടുന്നത് തുടരും. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശ്ശൂര്‍ എന്നി ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണ്. പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്‍റ്യാടി നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം തുടരും.

സംസ്ഥാനത്ത് പ്രളയഭീതിക്കിടെ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിൽ ആശങ്ക കുറഞ്ഞെങ്കിലും പലയിടങ്ങളിലും വ്യാപക കൃഷിനാശവും വെള്ളക്കെട്ടും തുടരുകയാണ്. ഇന്നും കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് പേരാണ് മരിച്ചത്. വടക്കൻകേരളത്തിലും മഴ മാറി നിൽക്കുകയാണ്. 

പത്തനംതിട്ടയിൽ ആശങ്ക ഒഴിയുകയാണ്. പമ്പ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകളും അടച്ചു. റാന്നി നഗരത്തിൽ വെള്ളമില്ല. ആറന്മുള, കോഴഞ്ചേരി,ചാത്തങ്കരി പെരിങ്ങര മേഖലകളിലെ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ടുണ്ട്. മണി മലയാറിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴ്ന്നു. അടിയന്തര സാഹചര്യം നേരിടാൻ 22 അംഗ എൻ ഡിആർ എഫ് സംഘവും മത്സ്യ തൊഴിലാളികളും പത്തനംതിട്ടയിൽ സജ്ജമാക്കിയിട്ടുണ്ട്. 

അപ്പർ കുട്ടനാട്ടിൽ  ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. തിരവല്ല അമ്പലപ്പുഴ റോഡിൽ ഗതാഗതം സ്തംഭിച്ചു. കുട്ടനാട്ടിൽ ജലനിരപ്പ് നേരിയ രീതിയിൽ താഴ്ന്നത് ആശ്വാസം ആണെങ്കിലും മട വീഴ്ച കാരണമുള്ള ദുരിതം ഒഴിയുന്നില്ല. കൊവിഡ് സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് പോകാനും ആളുകൾ തയ്യാറാകുന്നില്ല. ആലപ്പുഴ ജില്ലയിൽ ഇതുവരെ 83 ക്യാമ്പുകൾ തുറന്നു. മഴക്കെടുതിയിൽ ജില്ലയിൽ ഒരു മരണം കൂടിയുണ്ടായി.ചെറുതന  സ്വദേശി വർഗീസ് ആണ് ആറ്റിൽ വീണു മരിച്ചത്. ചെങ്ങന്നൂർ താലൂക്കിൽ വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Follow Us:
Download App:
  • android
  • ios