നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

തിരുവനന്തപുരം: നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രതിയുടെ വാഹനത്തിന് കുറുകെ വാഹനമിട്ട് വാഹനത്തിൽ നിന്ന് വിളിച്ചിറക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസിൽ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിനിടെ വയനാട്ടിൽ നിന്നുമാണ് ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് റിസോർട്ടിലായിരുന്നു ബോബി ചെമ്മണ്ണൂർ. 

കോയമ്പത്തൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കൊച്ചി പൊലീസിന്റെ മുന്നിൽപെടുന്നത്. കോയമ്പത്തൂരിലെ ജ്വല്ലറിയുടെ ഉദ്ഘാടനം ഇന്നാണ് തീരുമാനിച്ചിരുന്നത്. ബോബിയും നടി ഹൻസികയും ചേർന്നാണ് ഉദ്ഘാടനം നടത്താനിരുന്നത്. ബോബി കസ്റ്റഡിയിലായിട്ടും കോയമ്പത്തൂരിൽ ജ്വല്ലറി ഉദ്ഘാടനം നടന്നു. സ്വന്തം വാഹനത്തിൽ വരാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അത് സമ്മതിച്ചില്ല. കൊച്ചി പൊലീസിന്റെ വാഹനത്തിൽ തന്നെയാണ് പ്രതിയെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത്. എട്ട് മണിക്ക് മുമ്പേ എത്തിച്ചേരുമെന്നാണ് വിവരം. വിശദമായി ചോദ്യം ചെയ്യും. ഹണി റോസിന്റെ രഹസ്യ മൊഴി കൂടി രേഖപ്പെടുത്തും. 

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചു. ബോബിക്കെതിരെ മറ്റ് പരാതികൾ ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ല. കൊച്ചിയിലെ അഭിഭാഷകരുമായി മുൻകൂർ ജാമ്യ ഹർജിയെക്കുറിച്ച് ബോബി ചെമ്മണ്ണൂർ ആലോചന നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഖേദപ്രകടനം നടത്താനായിരുന്നു ഇയാളുടെ നീക്കം. ഈ നീക്കങ്ങളെല്ലാം പൊളിച്ചാണ് കൊച്ചി പൊലീസ് ഇപ്പോൾ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

Boby Chemmanur | Honey Rose | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്