അധിക ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അകാലമരണത്തിന് കീഴടങ്ങിയ 26-കാരിയായ മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ ഓര്‍മ്മയ്ക്കായാണ് 'അന്നയ്ക്കായി, ഏവര്‍ക്കുമായി' എന്ന കാമ്പെയിന് സംഘടന രൂപം നല്‍കിയതെന്ന് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ബാലന്‍ വ്യക്തമാക്കി. 

തിരുവനന്തപുരം: തൊഴിലിടത്തെ അമിത സമ്മര്‍ദ്ദം കാരണം അകാലമരണം വരിച്ച അന്ന സെബാസ്റ്റ്യന്റെ ഓര്‍മ്മയില്‍ സംസ്ഥാനതല കാമ്പെയിനുമായി ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കേരള ഘടകം. ഇതിന്റെ ഭാഗമായി മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന സംസ്ഥാനതല ചടങ്ങ് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ഓഫീസ് വെല്‍നെസ് ബില്‍ നടപ്പാക്കുമെന്ന് ദീപാ ദാസ് മുന്‍ഷി പറഞ്ഞു. വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ക്കായുള്ള സമഗ്ര ഇടപെടലിന്റെ ഭാഗമായാണ് ഇതെന്ന് അധ്യക്ഷത വഹിച്ച പ്രൊഫഷണല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ ചക്രവര്‍ത്തി അറിയിച്ചു. ഇത്തരമൊരു നിയമം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല വ്യക്തമാക്കി. 

ബഹുരാഷ്്രട കമ്പനിയായ ഏണസ്റ്റ് ആന്റ് യംഗില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നതിനിടയില്‍, അധിക ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അകാലമരണത്തിന് കീഴടങ്ങിയ 26-കാരിയായ മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ ഓര്‍മ്മയ്ക്കായാണ് 'അന്നയ്ക്കായി, ഏവര്‍ക്കുമായി' എന്ന കാമ്പെയിന് സംഘടന രൂപം നല്‍കിയതെന്ന് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ബാലന്‍ വ്യക്തമാക്കി. 

കാമ്പെയിനിന്റെ ആദ്യഘട്ടമായി നടന്ന 'സ്പീക്കപ്പ്' പരിപാടിയില്‍ നിരവധി പ്രൊഫഷണലുകള്‍ അനുഭവം പങ്കുവെച്ചു. വിവിധമേഖലകളിലെ വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. രണ്ടാം ഘട്ടമായി സംഘടനാ ഭാരവാഹികള്‍ സംസ്ഥാനവ്യാപകമായി സന്ദര്‍ശനം നടത്തി പ്രൊഫഷണലുകള്‍, ആരോഗ്യ- സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി സംസാരിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുമെന്നും അവ ക്രോഡീകരിച്ച് ബില്ലിന്റെ കരടില്‍ പരിഗണിക്കുന്നതിനായി കോണ്‍ഗ്രസ് നേതൃത്വത്തിനു സമര്‍പ്പിക്കുമെന്നും രഞ്ജിത്ത് ബാലന്‍ പറഞ്ഞു. 

അന്നാ സെബാസ്റ്റ്യന്റെ മാതാപിതാക്കള്‍, പ്രമുഖ ന്യൂറോസര്‍ജന്‍ ഡോ. എ മാര്‍ത്താണ്ഡപിള്ള, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ അനൂപ് അംബിക, കാര്‍ഷിക സര്‍വ്വകലാശാല വി സി ഡോ ബി അശോക്, ജി ടെക് സെക്രട്ടറി വി ശ്രീകുമാര്‍, ഐം എം എ മുന്‍ പ്രസിഡണ്ട് ഡോ ശ്രീജിത്ത് എന്‍ കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു, മുന്‍ എം എല്‍ എ കെ എസ് ശബരിനാഥന്‍, ശില്പ ഗോപകുമാര്‍, അനൂപ് പ്രകാശ്, ദീപ നായര്‍, റെജിമോന്‍ കുട്ടപ്പന്‍, വിനീത ജോസഫ്, വീണ എസ് നായര്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.