Asianet News MalayalamAsianet News Malayalam

ഇനി ശാസ്ത്രീയ പരിശോധന; ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

കത്രിക ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ആഭ്യന്തര വകുപ്പിന് കത്രിക കൈമാറി ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം. 

 forensic examination on pair of scissors left inside stomach during surgery in kozhikode medical college incident
Author
First Published Jan 21, 2023, 5:21 PM IST

കോഴിക്കോട്  : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ശാസ്ത്രീയ അന്വേഷണം. കത്രിക ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ആഭ്യന്തര വകുപ്പിന് കത്രിക കൈമാറി ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം. 

2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയായ ശേഷം, അടിവാരം സ്വദേശി ഹർഷിന അനുഭവിച്ചത് തീരാവേദനയാണ്. ഒടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് വയറ്റിൽ കുടുങ്ങിയ കത്രിക രൂപത്തിലുളള ശസ്ത്ക്രിയ ഉപകരണം പുറത്തെടുത്തു. എന്നാൽ തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന രീതിയിലുള്ള വാദമായിരുന്നു മെഡിക്കൽകോളേജ് പ്രിൻസിപ്പളിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നല്‍കിയത്. ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും ആശുപത്രിയിലെ ഉപകരണങ്ങളൊന്നും നഷ്ടമായില്ലെന്ന് കണക്കെടുപ്പിൽ വ്യക്തമായെന്നുമാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഈ വാദം  പൊളിക്കുന്ന വീഡിയോ പിന്നീട് പുറത്തു വന്നു. ആശുപത്രിക്ക് തെറ്റുപറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി. ഇതിന് പിന്നാലെയാണ് കത്രിക ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. 

വീഴ്ച പറ്റിയിട്ടില്ല; രോഗിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡി. കോളേജിലേതല്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം. ഈ കമ്മിറ്റിയുടെ അന്വേഷണം നടന്നു വരികയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിച്ച് അന്വേഷണം നടത്തി. യുവതിയുടെ പരാതിയിന്‍മേല്‍ വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വിദഗ്ധ കമ്മിറ്റി രൂപീകരിച്ചത്. ഇതിന് പുറമേയാണ് ഫോറന്‍സിക് പരിശോധന. 

 

വയറിൽ കത്രികയുമായി യുവതി ജീവിച്ചത് 5 വർഷം; അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്

Follow Us:
Download App:
  • android
  • ios