വനംവകുപ്പ് അധീനതയില്‍ ഉപയോഗ ശൂന്യമായ നിരവധി ക്വാട്ടേഴ്സുകള്‍ ഇപ്പോഴുമുണ്ട്. ഇവ നവീകരിച്ച് ഉപയോഗപ്പെടുത്തിയാല്‍പ്പോരെ എന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചോദിക്കുന്നു. 


നിലമ്പൂര്‍:  മരം മുറിക്കുന്നതിന് പ്രത്യേക നിയമങ്ങള്‍ നിലനില്‍ക്കെ മലപ്പുറം നിലമ്പൂരില്‍ ഓഫീസ് കെട്ടിടനിർമ്മാണത്തിനായി കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റി വനംവകുപ്പ്. നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെട്ട കനോലി പ്ലോട്ടിലെ 25 മരങ്ങളാണ് വെട്ടിമാറ്റുക. പരിസ്ഥിതി പ്രാധാന്യമേറെ ഉള്ള നിലമ്പൂര്‍ കനോലി പ്ലോട്ടിലെ പഴക്കം ചെന്ന മരങ്ങള്‍ അടക്കമാണ് മുറിച്ചുമാറ്റുന്നത്. അരയേക്കറോളം വനഭൂമിയിലെ 25 മരങ്ങളെങ്കിലും കെട്ടിടാവശ്യത്തിനായി മുറിക്കും. അരുവാക്കോട് ആര്‍ആര്‍ടി ഓഫീസിന് സമീപത്തെ നാല് മരങ്ങള്‍ ഇതിനകം നിലം പൊത്തിക്കഴിഞ്ഞു. വനം ദ്രുതകര്‍മ്മസേനയ്ക്ക് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കാനാണ് വനഭൂമിയിലെ ഈ വെട്ടിനിരത്തലെന്നാണ് ഔദ്ധ്യോഗീക ഭാഷ്യം. 

ഇതിനടുത്ത് തന്നെ വനംവകുപ്പ് അധീനതയില്‍ ഉപയോഗ ശൂന്യമായ നിരവധി ക്വാട്ടേഴ്സുകള്‍ ഇപ്പോഴുമുണ്ട്. ഇവ നവീകരിച്ച് ഉപയോഗപ്പെടുത്തിയാല്‍പ്പോരെ എന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചോദിക്കുന്നു. സാധാരണക്കാരന് ഒരു ചുള്ളിക്കമ്പ് പോലും എടുക്കാന്‍ പറ്റത്തപ്പോഴാണ് പാരിസ്ഥിതിക പ്രത്യേകകളുള്ള പഴക്കമുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ വനം വകുപ്പിന് ആരാണ് അധികാരം കൊടുത്തതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ആര്‍ രാജേന്ദ്രന്‍ ചോദിക്കുന്നു. 

വനം സംരക്ഷിക്കുന്നതിനാണ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നും ഇതിന് വേണ്ടി മരങ്ങള്‍ മുറിക്കുന്നതിന് തടസമില്ലെന്നുമാണ് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒയുടെ പ്രതികരണം. സിസിഎഫ് ഉള്‍പ്പെടെ സ്ഥലം പരിശോധിച്ചിരുന്നുവെന്നും പ്രദേശത്ത് ഏറ്റവും കുറവ് മരങ്ങള്‍ നഷ്ടമാകുന്ന സ്ഥലത്താണ് കെട്ടിട നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറയുന്നു. ദേശീയപാത വികസാനത്തിന്‍റെ ഭാഗമായി അശ്രാസ്തീയ മരം മുറിക്ക് നടപടിയെടുക്കുമെന്ന് അറിയിച്ച അതേ വനം വകുപ്പാണ് ഇപ്പോള്‍ സ്വന്തമായി കെട്ടിട നിര്‍മ്മാണത്തിന്‍റെ പേരില്‍ കെട്ടിടവും സ്ഥലവും വെറെ ഉണ്ടെന്നിരിക്കെ പഴക്കം ചെന്ന മരങ്ങള്‍ മുറിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതെന്നതും ശ്രദ്ധേയം. 

YouTube video player