മരം മുറി നടന്ന സ്ഥലത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയും നടത്തി. വില്ലേജ് രേഖകള്‍ വീണ്ടും ഒത്തുനോക്കി. നിക്ഷിപ്ത വനമെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്ന രേഖകളാണ് ലഭിച്ചതെന്ന് ഡിഎഫ്ഒ അറിയിച്ചു.. എന്നാല്‍ മൂസയ്ക്ക് റവന്യൂ വകുപ്പ് കൈവശാവകാശ രേഖ നല്‍കിയിരുന്നു. ഭൂമി ആരുടേതെന്ന് ഉറപ്പിക്കാന്‍ മൂസയോട് കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ റേഞ്ച് ഓഫീസര്‍ കത്തു നല്‍കും. തീര്‍പ്പാകും വരെ പിടിച്ചെടുത്ത തടി വനംവകുപ്പ് കസ്റ്റഡിയില്‍ തുടരും

പാലക്കാട് :പാലക്കയം മരം മുറിയിൽ(tree cut) വനം വകുപ്പ് സര്‍വ്വേ സംഘം (forest survey team)പരിശോധന നടത്തും. ഭൂമി വനം വകുപ്പിന്‍റേതാണെന്ന കാര്യത്തിൽ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് പരിശോധന. അതിനിടെ മരം മുറിച്ച ഭൂമി വര്‍ഷങ്ങളായി തോട്ടമായി ഉപയോഗിച്ചിരുന്നതാണെന്ന വാദവുമായി നാട്ടുകാര്‍ രംഗത്തെത്തി.

പാലക്കയം വില്ലേജിലെ മരം മുറിയ്ക്ക് തെളിവുകള്‍ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. 2018/4 സര്‍വ്വേ നന്പരില്‍ പെട്ട ഭൂമി വീണ്ടും സര്‍വ്വേ നടത്താനാണ് തീരുമാനം. അതിനായി മണ്ണാര്‍കാട് ഡിഎഫ്ഒ മിനി , സര്‍വ്വേ അസിസ്റ്റന്‍റ് ഡയറക്ടർ‍ക്ക് കത്ത് നല്‍കി. മരം മുറി നടന്ന സ്ഥലത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയും നടത്തി. വില്ലേജ് രേഖകള്‍ വീണ്ടും ഒത്തുനോക്കി. നിക്ഷിപ്ത വനമെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്ന രേഖകളാണ് ലഭിച്ചതെന്ന് ഡിഎഫ്ഒ അറിയിച്ചു.. എന്നാല്‍ മൂസയ്ക്ക് റവന്യൂ വകുപ്പ് കൈവശാവകാശ രേഖ നല്‍കിയിരുന്നു. ഭൂമി ആരുടേതെന്ന് ഉറപ്പിക്കാന്‍ മൂസയോട് കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ റേഞ്ച് ഓഫീസര്‍ കത്തു നല്‍കും. തീര്‍പ്പാകും വരെ പിടിച്ചെടുത്ത തടി വനംവകുപ്പ് കസ്റ്റഡിയില്‍ തുടരും.

അതിനിടെ പതിറ്റാണ്ടുകളായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിയുള്ള സ്ഥലമാണ് മൂസയുടേതെന്ന വാദവുമായി നാട്ടുകാര്‍ രംഗത്തെത്തി.

വനം വകുപ്പ് അനുമതിയില്ലാതെ മരം മുറി നടക്കില്ലെന്ന വാദവും നാട്ടുകാരുയര്‍ത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മൂസ തയാറായില്ല. തോട്ടത്തോട് ചേർന്ന് കിടന്ന വനഭൂമി വ്യാജ രേഖ ഉണ്ടാക്കി കൈവശപ്പെടുത്തിയതാണോ എന്ന കാര്യവും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.