മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ പി ധനപാലൻ അന്തരിച്ചു. പറവൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. പാർട്ടിക്ക് വേണ്ടി പലപ്പോഴും തിരഞ്ഞെടുപ്പുകളിൽ നിന്ന് മാറിനിന്ന് സ്ഥാനത്യാഗം ചെയ്ത നേതാവെന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു
കൊച്ചി: അന്തരിച്ച മുതിർന്ന നേതാവും മുൻ എം പിയുമായിരുന്ന കെ പി ധനപാലന് യാത്രാമൊഴിയേകി നാട്. പറവൂരിലെ വീട്ടുവളപ്പില്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ധനപാലന്‍റെ സംസ്കാരം. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ധനപാലന്‍ പുലര്‍ച്ചെയാണ് മരിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. കോൺഗ്രസിൽ സ്ഥാന ത്യാഗം ചെയ്യാൻ മടികാട്ടാത്ത നേതാവ് എന്നതായിരുന്നു എന്നും ധനപാലന്‍റെ കരുത്തും വ്യത്യസ്തതയും. അത് തന്നെയാണ് ധനപാലനെ കോൺഗ്രസ് പ്രവർത്തകർ അത്രമേൽ നെഞ്ചേറ്റാനുള്ള കാരണവും.
പാർട്ടിക്ക് വേണ്ടി എന്നും മാറി നിന്ന നേതാവ്
നിയമ നിര്‍മാണസഭകളിലേക്കുളള തിരഞ്ഞെടുപ്പുകളില്‍ ഒരിക്കൽ മാത്രമേ ധനപാലന്‍ ജയിച്ചിട്ടുളളു. പക്ഷേ ജയിക്കാമായിരുന്ന ഒന്നിലേറെ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കു വേണ്ടി മാറിനിന്നിടത്താണ് ധനപാലനെന്ന കോണ്‍ഗ്രസുകാരന്‍ വ്യത്യസ്തനായത്. 2001 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വടക്കേക്കരയില്‍ ചുവരെഴുതി പ്രചാരണം തുടങ്ങിയ ധനപാലന്, പക്ഷേ എം എ ചന്ദ്രശഖരന് വേണ്ടി മാറിക്കൊടുക്കേണ്ടി വന്നത് കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ ചരിത്രത്തിലെ ഇന്നും നീറുന്നൊരേടാണ്. 2014 ല്‍ ചാലക്കുടി പാര്‍ലമെന്‍റ് സീറ്റില്‍ രണ്ടാം ജയം ഉറപ്പുണ്ടായിരുന്നിട്ടും പി സി ചാക്കോയ്ക്കു വേണ്ടി തൃശൂരിലേക്ക് മാറാന്‍ നേതൃത്വം പറഞ്ഞപ്പോള്‍ പരിഭവം ഉളളിലൊതുക്കി മാറിക്കൊടുക്കൊടുത്തതും പാര്‍ട്ടിക്കുവേണ്ടിയുളള ധനപാലന്‍റെ മറ്റൊരു ത്യാഗം. കെ എസ് യു പ്രവര്‍ത്തകനായി തുടങ്ങി ഡി സി സി പ്രസിഡന്‍റായും, കെ പി സി സി വൈസ് പ്രസിഡന്‍റായുമെല്ലാം സംഘടനാപദവികളില്‍ വളര്‍ന്നു. പറവൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായും ക്ഷീരക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ല്‍ സി പി ഐ നേതാവ് വി കെ രാജനെതിരെയും 2016 ല്‍ മകന്‍ വി ആര്‍ സുനില്‍കുമാറിനെതിരെയും കൊടുങ്ങല്ലൂരില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചതും ധനപാലന്‍റെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു യാദൃശ്ചികതയാണ്. മൂത്തമകന്‍റെ വിയോഗവും പ്രായത്തിന്‍റെ അവശതകളുമെല്ലാം തളര്‍ത്തിയിരുന്നെങ്കിലും പാര്‍ട്ടിക്ക് വേണ്ടി അടുത്തകാലത്തും പരമാവധി വേദികളിലെത്തിയിരുന്നു ധനപാലന്‍. ഏറ്റവുമൊടുവില്‍ നാട്ടുകാരനായ സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ പറവൂരില്‍ സ്വീകരണമൊരുക്കാന്‍ മുന്നിലുണ്ടായിരുന്നു അദ്ദേഹം. സൗമ്യതയും പൊതുജീവിതത്തിലെ സംശുദ്ധിയും മുഖമുദ്രയാക്കിയ ജനകീയനായൊരു നേതാവിനെയാണ് ധനപാലന്‍റെ വിയോഗത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമാകുന്നത്.
