ദില്ലി: വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ലോക്സഭയിൽ  അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം. എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പഠന വിവരം കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചു. 

പഴംതീനി വവ്വാലുകളില്‍ നിന്ന് മുപ്പത്തിയാറ് സാംപിളുകളാണ്  ശേഖരിച്ചത്. ഇതില്‍ 12 എണ്ണത്തില്‍ നിപ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ പറവൂര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍  നിന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള 8 അംഗ വിദഗ്ധ സംഘം സാമ്പിളുകള്‍ ശേഖരിച്ചത്. സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പിന്തുണയുണ്ടായിരുന്നെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. 

പരവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ മൂന്നിനാണ്  നിപ സ്ഥിരീകരിച്ചത്.  അന്‍പത് പേരുടെ രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവ് ആയിരുന്നു. 330 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നു.  നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 18 പേരാണ് മരിച്ചത്. നേരത്തെ നിപ വൈറസിന്റെ ഉറവിടം തേടി കേന്ദ്ര വൈറോളജി വിഭാഗം തൊടുപുഴയിൽ പരിശോധന നടത്തിയിരുന്നു. 

വവ്വാലുകളെ പിടികൂടി സാമ്പിളുകൾ ശേഖരിച്ചായിരുന്നു പരിശോധന. നിപ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ കോളേജിനും താമസ സ്ഥലത്തിനും സമീപത്തെ വവ്വാൽ ആവാസ കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടത്തിയത്. പൂനെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിദഗ്ധരെത്തിയായിരുന്നു പരിശോധന നടത്തിയത്.