വീട്ടിൽ നിന്ന് ഹോട്ടലിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന ഹോട്ടലുടമ ദേവസിക്കുട്ടിയെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയും കണ്ണിൽ മുളക് പൊടിയെറിഞ്ഞ് സ്വർണ്ണാഭരണവും പണവും കവരുകയായിരുന്നു. 

കൊച്ചി: കാലടി മരോട്ടിച്ചോടിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ നാലുപേർ പിടിയിൽ. മറ്റൂർ സ്വദേശി കിഷോർ, തുറവൂർ സ്വദേശികളായ സനു, ജോബി, ഇടുക്കി സ്വദേശി സിജു എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് ഹോട്ടലിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന ഹോട്ടലുടമ ദേവസിക്കുട്ടിയെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയും കണ്ണിൽ മുളക് പൊടിയെറിഞ്ഞ് സ്വർണ്ണാഭരണവും പണവും കവരുകയായിരുന്നു. കവർന്ന സ്വർണം മഞ്ഞപ്രയിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ വിൽപന നടത്തിയിരുന്നു. ഒന്നാം പ്രതി കിഷോർ ഇരുപതോളം കേസിൽ പ്രതിയാണ്.

സാധനം വാങ്ങാന്‍ കടയിലെത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സ്റ്റേഷനറി കടയുടമ പിടിയില്‍

കൊല്ലം: പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ സ്റ്റേഷനറി കടയുടമ പിടിയിൽ. കൊല്ലം പരവൂർ സ്വദേശിയായ സ്വാമി എന്ന് വിളിക്കുന്ന സുരേന്ദ്ര കുറുപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിമൂന്നിനാണ് സാധനം വാങ്ങാനെത്തിയ അയൽവാസിയായ വിദ്യാർഥിയെ സുരേന്ദ്ര കുറുപ്പ് ലൈംഗീകമായി ആദ്യം പീഡിപ്പിച്ചത്. സുഖമില്ലാതെ കിടക്കുന്ന മുത്തശ്ശനെ കാണാൻ പരവൂരിലെത്തിയതാണ് കുട്ടി.

പിന്നീട് വീട്ടിൽ മുതിർന്നവരാരും ഇല്ലാത്ത തക്കം നോക്കി എത്തിയ സുരേന്ദ്രൻ കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സംഭവത്തിന് ശേഷം വിഷാദാവസ്ഥയിലായ വിദ്യാര്‍ഥിയെ കണ്ട് ബന്ധുക്കൾ കാര്യം തിരക്കി. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് സുരേന്ദ്ര കുറുപ്പിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.