മലപ്പുറം കൊണ്ടോട്ടി അരൂരിൽ എംഡിഎംഎയുമായി കാപ്പ പ്രതിയടക്കം നാലു പേര്‍ പൊലീസ് പിടിയില്‍.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി അരൂരിൽ എംഡിഎംഎയുമായി കാപ്പ പ്രതിയടക്കം നാലു പേര്‍ പൊലീസ് പിടിയില്‍. അരൂർ സ്വദേശി ഷഫീഖ്, വാഴക്കാട് സ്വദേശി നൗഷാദ്, കൊട്ടപ്പുറം സ്വദേശി ഷാക്കിർ, ഇല്ലത്തുപടി സ്വദേശി റഷാദ് മുഹമ്മദ് എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും രണ്ട് കാറുകളും പിടിച്ചെടുത്തു.

നിരവധി കേസുകളിൽ പ്രതിയായ ഷെഫീഖും ഭാര്യയും എംഡിഎംഎ കടത്തുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ വാഹനം ഇടിച്ചു തെറിപ്പിച്ച കേസിൽ പ്രതികളായിരുന്നു. വയനാട്ടിൽ മൂന്നരക്കോടി രൂപ തട്ടിയ കേസിലും പരപ്പനങ്ങാടിയില്‍ ലഹരി കേസും കൊണ്ടോട്ടിയിൽ കളവ് കേസും ഇയാള്‍ക്കെതിരെയുണ്ട്. ഒരു വർഷം കാപ്പ പ്രകാരം ജയിലിൽ കിടന്ന ഷെഫീഖ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

YouTube video player