പാലക്കാട്‌: സമൂഹമനസാക്ഷിയെ ഏറെ ഞെട്ടിച്ച വാളയാ‍ർ സംഭവത്തിന്‍റെ മുറിവ് ഇനിയുമുണങ്ങാതെ അട്ടപ്പളളത്തെ മാതാപിതാക്കൾ. 2017 ജനുവരി 13 നാണ് മൂത്തകുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹമരണത്തിന്റ 52 ആം നാൾ ഇളയകുഞ്ഞിനെയും സമാനരീതിയിൽ ഈ അച്ഛനുമമ്മയ്ക്കും നഷ്ടമായി. പൊലീസ് അന്വേഷണത്തിൽ വീഴ്ചവന്നെന്ന ആരോപണം സാധൂകരിക്കും വിധമായിരുന്നു പിന്നീടുളള സംഭവങ്ങൾ. പ്രതികളായ നാലുപേരെയും തെളിവില്ലെന്ന പേരിൽ പോക്സോ കോടതി വെറുതെവിട്ടു. പിന്നീട് കേരളം കണ്ടത് നീതിക്കായുളള തുടർ സമരങ്ങളായിരുന്നു. 

ഒടുവിൽ ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടിട്ടും കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കുടുംബം ഇപ്പോഴും സമരമുഖത്താണ്. അട്ടപ്പളളത്ത് ഇന്ന് രാവിലെ 9 മണി മുതൽ അഭയ കേസിലെ സാക്ഷി രാജുവും, പൊലീസ് മർദ്ദനത്തിൽ ആത്മഹത്യ ചെയ്ത വാളയാറിലെ പ്രവീണിന്റെ അമ്മ എലിസബത്ത് റാണിയും അച്ഛനുമമ്മയ്ക്കുമൊപ്പം ഏകദിന ഉപവാസസത്യഗ്രഹം ഇരിക്കും. പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ സമരം ഉദ്ഘാടനം ചെയ്യും. കേസിൽ സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യം നിറവേറ്റിയെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും, ജുഡീഷ്യൽ കമ്മീഷനും നടപടിക്ക് ശുപാർശചെയ്ത അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വൈകുകയാണ്.