ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് സംഭവസ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി

മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് സംഭവസ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ഏഴോടെ അതീവ രഹസ്യമായാണ് തിരൂര്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പ്രതിയെ പുറത്തൂര്‍ പടിഞ്ഞാറേക്കരയിലെത്തിച്ചത്. ഏകദേശം അന്‍പതോളം പോലീസുകാരുടെ ശക്തമായ സുരക്ഷാ വലയത്തിലാണ് പ്രതിയെ കൊലപാതകം നടന്ന കടപ്പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഷാളുപയോഗിച്ച് ഫൗസിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി തലച്ചുമടായി ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയുള്ള തിരൂര്‍ പുഴക്കരയിലെത്തിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു.

വഴിമധ്യേ ക്ഷീണിതനായപ്പോള്‍ പലയിടത്തും ചാക്ക് താഴെയിറക്കി വിശ്രമിച്ച ശേഷമാണ് പുഴക്കരയിലെത്തിയത്. തുടര്‍ന്ന് പുഴക്കരയില്‍ നിര്‍ത്തിയിട്ടിരുന്ന വള്ളത്തിന്‍റെ നങ്കൂരം അഴിച്ചെടുത്ത് ചാക്കില്‍ കെട്ടി മൃതദേഹം പുഴയിലേക്ക് താഴ്ത്തുകയായിരുന്നു. പ്രതിയെ എത്തിച്ചതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തുടര്‍ന്ന് ഫൗസിയ കിടന്നുറങ്ങിയിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പുറത്തിറക്കുന്നതിനിടെ പ്രകോപിതരായ നാട്ടുകാര്‍ പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പോലീസിന്‍റെ ശക്തമായ ഇടപെടലോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

പ്രതിഷേധം കനത്തതോടെ തെളിവെടുപ്പ് പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് പൊന്നാനി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ശേഷിക്കുന്ന സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.

YouTube video player