സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകളെ കണ്ടെത്തിയ ഫ്രാൻസിസ് ഹാൽസെന് ഭൗതിക ശാസ്ത്ര നൊബേൽ ലഭിച്ചു. അന്റാർട്ടിക്കയിൽ ഐസ് ക്യൂബ് ന്യൂട്രീനോ ഒബ്സർവേറ്ററി സ്ഥാപിച്ചാണ് അദ്ദേഹം ഈ അദൃശ്യ കണങ്ങളെ നിരീക്ഷിച്ചത്. മറ്റ് ദ്രവ്യങ്ങളുമായി പ്രതിപ്രവർത്തിക്കാത്ത ന്യൂട്രീനോകളെ കണ്ടെത്തുക എന്നത് ശാസ്ത്രലോകത്തെ വലിയ വെല്ലുവിളിയായിരുന്നു.
ന്യൂട്രീനോകളുടെ രഹസ്യമറിയാൻ അന്റാർട്ടിക്കയിലെ മഞ്ഞിൽ വഴി കണ്ടെത്തിയ മനുഷ്യനാണ് 2026ലെ ഭൗതിക ശാസ്ത്ര നൊബേൽ. 82-ാം വയസ്സിലാണ് ഫ്രാൻസിസ് ഹാൽസെനിനെ നൊബേൽ തേടിയെത്തുന്നത്. ഐസ് ക്യൂബ് ന്യൂട്രീനോ ഒബ്സർവേറ്ററിക്ക് നൽകിയ സംഭാവനകള്‍ക്കും സൗരയൂഥത്തിനും അപ്പുറത്ത് നിന്നെത്തിയ ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകളുടെ കണ്ടെത്തലിനുമാണ് പുരസ്കാരം. പ്രകാശത്തോട് അടുത്ത വേഗത്തിൽ സഞ്ചരിക്കുന്ന പിണ്ഡം വളരെക്കുറഞ്ഞ വൈദ്യുത ചാർജ്ജ് ഇല്ലാത്ത അടിസ്ഥാന കണികയാണ് ന്യൂട്രീനോ. നക്ഷത്രങ്ങളും സൂപ്പർനോവകളുമെല്ലാം ന്യൂട്രീനോകളുടെ പ്രഭവകേന്ദ്രങ്ങളാണ്. അവ എല്ലായിടത്തുമെത്തുന്നു. ഓരോ സെക്കൻഡിലും നമ്മുടെ ശരീരത്തിലൂടെ കോടിക്കണക്കിന് ന്യൂട്രീനോകള്‍ കടന്ന് പോകുന്നു. എങ്കിലും മറ്റ് ദ്രവ്യവുമായി പ്രതിപ്രവർത്തിക്കാത്തതിനാൽ അവയെ പിടിച്ചെടുക്കലും നിരീക്ഷിക്കലും വലിയ ബുദ്ധിമുട്ടേറിയ പ്രവർത്തനമാണ്.
പ്രപഞ്ചത്തിലെ അതിവിദൂര കേന്ദ്രങ്ങളിൽ നിന്നടക്കം വരുന്ന, അതിവേഗം സഞ്ചരിക്കുന്ന ന്യൂട്രിനോകളെ നിരീക്ഷിക്കാനാണ് ഹാൽസെൻ മുൻകൈയെടുത്ത് അന്റാർട്ടിക്കയിൽ ഐസ് ക്യൂബ് ന്യൂട്രീനോ ഒബ്സർവേറ്ററി സ്ഥാപിച്ചത്. ഒരു ക്യുബിക് കിലോമീറ്റർ വ്യാപ്തിയിൽ ആയിരക്കണക്കിന് സെൻസറുകളുള്ള സംവിധാനമാണ് ഐസ് ക്യൂബ് ന്യൂട്രീനോ ഒബ്സർവേറ്ററി. ഐസ് കുഴിച്ച് അവിടെ പ്രത്യേക സെൻസറുകള്‍ സ്ഥാപിച്ചാണ് ന്യൂട്രീനോ കെണികള്‍ നിർമ്മിച്ചത്. ന്യൂട്രീനോകള്‍ അണുകേന്ദ്രത്തിൽ വന്നിടിക്കുമ്പോള്‍ വെളിച്ചം പുറത്തുവിടും, അതിനെ സെൻസറുകളുപയോഗിച്ച് പിടിച്ചെടുക്കുകയാണ് ഐസ്ക്യൂബ് ന്യൂട്രീനോ ഒബ്സർവേറ്ററിയുടെ പ്രവർത്തന രീതി. വലിയ ഊർജ്ജുമുള്ള കോസ്മിക് ന്യൂട്രീനോകള്‍ അത്യപൂർവമാണ്. അവയെ പിടിച്ചെടുക്കാൻ വലിയ അളവിൽ ഐസ് ആവശ്യമാണ്.
1988ലാണ് ഹാൽസെൻ ഈ ആശയം മുന്നോട്ടുവച്ചത്. 2011ൽ നിരീക്ഷണ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി. കുറച്ച് വർഷങ്ങൾ കൊണ്ട് തന്നെ ഐസ്ക്യൂബ് ന്യൂട്രീനോ ഒബ്സർവേറ്ററി വച്ച് നമ്മുടെ സൗരയൂഥത്തിന് പുറത്ത് നിന്ന് വന്ന ഹൈ എനർജിന്യൂട്രീനോകളെ കണ്ടെത്താനായി. ആ നേട്ടമാണ് നൊബേൽ പുരസ്കാരത്തിലേക്ക് നയിച്ചത്. പദ്ധതിയുടെ തുടക്കകാലത്ത് ഒപ്പം നിന്ന ധൈര്യശാലികള്‍ക്കാണ് പുരസ്കാര നേട്ടം ഹാൽസെൻ സമർപ്പിക്കുന്നത്. അന്ന് ഒപ്പം ചേരാൻ ആളുകളുണ്ടായത് കൊണ്ടാണ് താനിവിടെ നിൽക്കുന്നതെന്ന് നൊബേൽ ജേതാവിൻ്റെ സാക്ഷ്യം.
