തിരുവന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളേജിൽ മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്കായി, രോഗികളെന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട വിദ്യാർഥികൾക്ക് മാനേജ്മെന്‍റ് കാരണംകാണിക്കൽ നോട്ടീസ് നൽകി. മെഡിക്കൽ കൗൺസില്‍ പരിശോധന തടസ്സപ്പെടുത്തി, അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. കോളേജിലെ ക്രമക്കേടുകൾ മാധ്യമങ്ങളിലൂടെ വെളിച്ചത്ത് കൊണ്ടുവന്ന ശേഷമാണ് വിദ്യാർത്ഥികൾക്കെതിരെ മാനേജ്മെന്‍റ് പ്രതികാര നടപടി തുടങ്ങിയത്. 

രോഗികളെന്ന വ്യാജേന എത്തിച്ച ആളുകളെ പരിശോധന കഴിഞ്ഞതോടെ പണം നൽകാതെ പറ്റിച്ചെന്നും  വിദ്യാർഥികൾ ഫേസ്ബുക്ക് ലൈവിൽ പരാതിപ്പെട്ടിരുന്നു. ബുധനാഴ്ചയായിരുന്നു കോളേജിൽ മെഡിക്കൽ കൗൺസിൽ പരിശോധന. സ്റ്റാൻഡ് വിത്ത് സ്റ്റുഡന്‍റ്സ് ഓഫ് എസ്ആർ മെ‍ഡിക്കൽ കോളേജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പുറത്തുവിട്ടത്. ക്യാംപിന്‍റെ പേരിൽ എത്തിച്ചവരെ രോഗികളായി ചിത്രീകരിച്ച് മെഡിക്കൽ കൗൺസിലിന്‍റെ കണ്ണിൽ പൊടിയിട്ടെന്നാണ് വിദ്യാർത്ഥികളുടെ പരാതി. 

പരിശോധനയുള്ള ദിവസം പ്രത്യേകം വാഹനങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുമെന്നും പരിശോധന കഴിഞ്ഞാൽ ഉടൻ തിരിച്ച് കൊണ്ടുപോകുമെന്നും വിദ്യാർഥികള്‍ ആരോപിച്ചു. ഏജന്‍റ് വഴി 100 മുതൽ 300 രൂപ വരെ നൽകിയാണ് ഇവരെ കൊണ്ടുവരുന്നതെന്നായിരുന്നു വെളിപ്പെടുത്തൽ. പരിശോധന കഴിഞ്ഞതോടെ ആശുപത്രിയിൽ രോഗികൾ ആരുമില്ലെന്ന് വിദ്യാർത്ഥികൾ ഫേസ്ബുക്കിൽ ലൈവിൽ പറഞ്ഞു. പറഞ്ഞ പണം നൽകാത്തതിനാൽ രോഗികളായി എത്തിച്ചവർ ആശുപത്രിയിൽ പ്രതിഷേധിക്കുന്നതും ലൈവിലുണ്ടായിരുന്നു. 

കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് പരിശോധനയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയത്. കോടതിയെ സമീപിച്ചവരെ മെഡിക്കൽ കൗൺസിൽ സംഘത്തെ കാണാന്‍ അനുവദിച്ചില്ലെന്ന് പരാതിപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, കാരുണ്യ പദ്ധതിയിലുൾപ്പെട്ട രോഗികളെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ആർക്കും പണം നൽകിയിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പാൾ കെ ഇ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.