തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുക്കായുള്ള പുതിയ സ്വതന്ത്ര  ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറായി. സ്വകാര്യ  കമ്പനികളുടെ സോഫ്റ്റ്‍‍ വയറിന് പകരം ഉബുണ്ടു അടിസ്ഥിതമായി തയ്യാറാക്കിയ സ്വതന്ത്ര സോഫ്റ്റ്‍ ‍വെയർ ഉപയോഗിക്കുന്നത് വഴി 3000 കോടി രൂപയോളമാണ് സംസ്ഥാന സർക്കാരിന് ലാഭിക്കാനായത്.

സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്‍റെ 18.04 എൽടിഎസ് പതിപ്പ് അടിസ്ഥാനമാക്കിയാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയിട്ടുള്ളത്. ഉബുണ്ടു സോഫ്റ്റ്‍ വെയർ റെപ്പോസിറ്ററിക്ക് പുറത്തുള്ള മറ്റ് സ്വതന്ത്ര സോഫ്റ്റ് വെയറുകളും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പകരം ലൈസൻസ് വേണ്ട സ്വകാര്യ സോഫ്റ്റ് വെയർ ഉപയോഗിച്ചിരുന്നെങ്കിൽ ഒരു കമ്പ്യൂട്ടറിന് മാത്രം ഒന്നരലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുമായിരുന്നു.

കേരള ഇൻഫ്രാസട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ആണ് ഓഎസ് തയ്യാറാക്കിയത്. പ്രൈമറി ക്ലാസുകളിൽ പഠനം എളുപ്പമാക്കാനുള്ള ഗെയിമുകൾ മുതൽ ഹയർസെക്കണ്ടറിയിൽ പ്രോഗ്രാമിങ്ങ് പഠനത്തിനാവശ്യമായ പ്രോഗ്രാമിംഗ് ഭാഷകളും ഐ ഡി ഇ കളും ഓഎസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്തിയാണ് എല്ലാ സോഫ്റ്റ് വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൈറ്റിലെ അധ്യാപകർ കൂടിയായ മാസ്റ്റർ ട്രെയിനർമാരും സാങ്കേതിക പ്രവർത്തകരും അടങ്ങിയ ഇൻഹൗസ് ടീമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയത്. 72,000 അധ്യാപകർ പുതിയ സോഫ്റ്റ് വെയറിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കി. കൈറ്റ് വെബ്സൈറ്റ് വഴി ഓഎസ് ഡൗൺലോഡ് ചെയ്യാം. 

2005ലാണ് ഫ്രീ സോഫ്റ്റ്‍ ‍വെയർ ഫൗണ്ടേഷന്‍റെ സഹായത്തോടെ കേരളം ആദ്യമായി സ്വന്തം ഓഎസ് തയ്യാറാക്കിയത്. 2007ൽ പൂർണ്ണായും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറാൻ വിദ്യാഭ്യാസ വകുപ്പ്  തീരുമാനിക്കുകയും ഉബുണ്ടു അധിഷ്ഠിത ഓഎസ് തയ്യാറാക്കി വിതരണം ചെയ്യുകയും ചെയ്തു. ഇടക്കാലത്ത് വച്ച് മന്ദഗതിയിലായ പദ്ധതി ഇപ്പോൾ വീണ്ടും തിരച്ചു വരികയാണ്.