തിരുവനന്തപുരം: വ‍ര്‍ക്കലയിൽ നിന്നും കാണാതായ ഫ്രഞ്ച് വനിതകൾ മൂന്നാറിലുണ്ടെന്ന് സൂചന. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ താമസിച്ചു വരുന്നതിനിടെ കാണാതായ ഫ്രഞ്ച് വനിതകളാണ് മൂന്നാറിൽ എത്തിയതെന്ന വിവരം ലഭിച്ചത്.

റിസോര്‍ട്ടിൽ താമസിച്ചിരുന്ന രണ്ട് ഫ്രഞ്ച് വനിതകളെ കാണാതായെന്ന വിവരം വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ട് അധികൃതരാണ് പൊലീസിനെ അറിയിച്ചത്. രണ്ട് വര്‍ഷം മുൻപ് കോവളത്ത് വച്ചു കാണാതായ വിദേശവനിതയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് കാണാതായ വനിതകൾക്കായി പൊലീസ് അന്വേഷണം നടത്തിയത്. 

എന്നാൽ തങ്ങൾ മൂന്നാറിൽ സന്ദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണെന്ന് വനിതകൾ വര്‍ക്കല പൊലീസിനെ അറിയിച്ചതായാണ് സൂചന. മൂന്നാറിലെ റിസോര്‍ട്ടിലാണ് ഇവരിപ്പോൾ ഉള്ളതെന്നും പൊലീസ് വൃത്തങ്ങളും സ്ഥിരീകരിച്ചതോടെ ആശങ്ക അവസാനിച്ചു.