കോഴിക്കോട്: കുടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെ ഉറ്റ സുഹൃത്തായ റാണി വടകര എസ്‍പി ഓഫീസില്‍ ഹാജരായി.സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പി റാണിയില്‍ നിന്ന് മൊഴിയെടുക്കലും ചോദ്യം ചെയ്യലും തുടരുകയാണ്. എൻഐടിക്ക് സമീപം തയ്യൽക്കട നടത്തിയിരുന്ന റാണി ജോളിയുമായി നിൽക്കുന്ന ഫോട്ടോകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പൊലീസ് പിടിച്ചെടുത്ത ജോളിയുടെ ഫോണില്‍ നിന്നാണ് റാണിയുമായി ജോളിക്കുള്ള സൗഹൃദം പൊലീസിന് വ്യക്തമായത്. ജോളിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ റാണിയുടെ മൊഴി സഹായിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

അതേസമയം ജോളി ജോസഫിനെ അന്വേഷണസംഘം ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്തേക്കും. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. ഇതിനായി താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും. താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസില്‍ അറസ്റ്റിലായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക.