ആലപ്പുഴ: കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി നിലപാടിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മൂക്കിൽ വിരൽ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണമെന്നും ജി സുധാകരൻ കോടതി വിമര്‍ശനത്തോട് പ്രതികരിച്ചു. 

കോടതികളിൽ കേസുകൾ കെട്ടി കിടപ്പുണ്ട് ,അത് ജഡ്ജിമാരുടെ കുറ്റമാണോ? സ്റ്റാഫും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്നം. സർക്കാർ വന്നശേഷം 700 കോടി രൂപയാണ് കോടതി കെട്ടിടങ്ങൾക്ക് നൽകിയതെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. കുറ്റം ചെയ്തവര്‍ക്ക് എതിരെ തിരിയണം. അല്ലാതെ പൊതുവേ പറയരുത്. ആരിലും വിശ്വാസം ഇല്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. എറണാകുളം നഗരത്തിലെ കുഴി അടക്കാൻ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറിൽ പണം കൈമാറിയതാണ്. മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു. 

"ഹൈക്കോടതി ജഡ്ജിയെ ഞാൻ ആലപ്പുഴയിലേക്ക് ക്ഷണിക്കുന്നു, ഇവിടെ റോഡിൽ കുണ്ടും കുഴിയും ഉണ്ടോ എന്ന് നോക്കണം. ചിലയിടത്ത് കുഴികളുണ്ട്. അതിൽ നടപടി സ്വീകരിച്ച് വരികയാണ്. " ജി സുധാകരന്‍റെ ആലപ്പുഴ പ്രസംഗം കാണാം : 

"

കുഴി അടക്കും എന്ന് പറയുന്നതല്ലാതെ അതിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. പാലാരിവട്ടത്ത് മരിച്ച യുവാവിന്‍റെ കുടുംബത്തോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തല കുനിഞ്ഞു പോകുകയാമെന്നും ഉദ്യോഗസ്ഥരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. 

തുടര്‍ന്ന് വായിക്കാം: റോഡ് നന്നാവാൻ എത്ര ജീവൻ ബലികൊടുക്കണം ? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി...