കൊച്ചിയിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് കേസിൽ പിടിയിലായപ്പോൾ പൊലീസുകാരെ ആക്രമിച്ച് കടന്നുകളഞ്ഞ പശ്ചിമ ബംഗാൾ സ്വദേശിയെ കൊച്ചി സിറ്റി പൊലീസ് സംഘം ബംഗ്ലാദേശ് അതിർത്തിയിലെത്തി പിടികൂടി. കണ്ണൂർ സ്ക്വാഡ് എന്ന മമ്മൂട്ടി സിനിമയുടെ തനിയാവർത്തനമായി ഈ സംഭവം.
കൊച്ചി: കൊച്ചിയിൽ പൊലീസിനെ അക്രമിച്ച ശേഷം രക്ഷപെട്ടുപോയ കഞ്ചാവ് കേസിലെ പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും പിടികൂടി. പശ്ചിമ ബംഗാളിലെ ഉത്തർ ബിജ്‌നാപൂർ ജില്ലയിലെ ഹർഷപൂറിന് സമീപം രക്ഷൂര സഹാപൂർ സ്വദേശി തൻവീർ ആലം (32) ആണ് പിടിയിലായത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് പശ്ചിമ ബംഗാളിൽ ബംഗ്ലാദേശ് അതിർത്തിക്കടുത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.
പിടിയിലായത് ഒരു വർഷം മുൻപ്, പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു
കഴിഞ്ഞ വർഷം സെപ്തംബർ 19 ന് 2.5 കിലോഗ്രാം കഞ്ചാവുമായി ഇയാളെ ഡാൻസാഫ് സംഘം കലൂരിലെ ലോഡ്‌ജിൽ നിന്നും പിടികൂടിയിരുന്നു. അന്ന് ഡാൻസാഫ് സംഘത്തെ ആക്രമിച്ച ശേഷം പ്രതി എറണാകുളം വിട്ടു. ഒരു വർഷം പിന്നിട്ട ശേഷമാണ് ഇയാളെ ബംഗ്ലാദേശ് അതിർത്തിയിൽ ചെന്ന് കേരള പൊലീസ് സംഘം അതിസാഹസികമായി പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ സിബി ടോമിൻ്റെ മേൽനോട്ടത്തിലായിരുന്നു കേസിൽ അന്വേഷണം നടന്നത്. എറണാകുളം ടൗൺ നോർത്ത് പൊലീസ് എസ്ഐ ബിജു, എസ്‌സിപിഒ രാജ് മോൻ, സിപിഒ അജിലേഷ്, റിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പശ്ചിമ ബംഗാളിലേക്ക് പോയത്. ഇയാളെ പിന്നീട് കേരളത്തിലെത്തിച്ചു. എറണാകുളത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


