Asianet News MalayalamAsianet News Malayalam

'ഭാഷാ വിവേചനം അവസാനിപ്പിക്കണം': മലയാളം വിലക്കിയ ആശുപത്രി നടപടിക്കെതിരെ രാഹുൽ ഗാന്ധി

കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ജിബി പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്

GB Pant hospital bans nurses from talking Malayalam language in hospital rahul gandhi response
Author
Delhi, First Published Jun 6, 2021, 9:13 AM IST

ദില്ലി: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദ്ദേശിക്കുന്ന ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലറിനെതിരെ പ്രതിഷേധം ശക്തം. സർക്കുലറിനെ വിമർശിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. മലയാളം ഒരു ഇന്ത്യൻ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ജിബി പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.

സർക്കുലർ പുറത്ത് വന്നതോടെ പ്രതിഷേധവുമായി ദില്ലിയിലെ മലയാളി നഴ്സുമാർ രംഗത്തെത്തി.സാങ്കേതികത്വം പാലിക്കാതെയാണ് സർക്കുലറെന്ന് നഴ്സുമാർ ആരോപിച്ചു. ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് വിരമിച്ച ഒഴിവിൽ ആരെയും നിയമിച്ചിട്ടില്ല. ആക്ടിംഗ് സുപ്രണ്ട് ചുമതല വഹിക്കുന്ന ഒരാളാണ് സർക്കുലർ പുറത്തിറക്കിയത്. മെഡിക്കൽ സുപ്രണ്ടിന് അടക്കം പകർപ്പ് അയ്ക്കാതെ ഏകപക്ഷീമായി ഇറക്കിയ സർക്കുലർ അംഗീകരിക്കില്ലെന്നും നഴ്സുമാർ വ്യക്തമാക്കി. 

തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം പ്രതിഷേധം ശക്തമാണ്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാമ്പയിൻ ആരംഭിച്ചു. വിവാദ സർക്കുലറിനെതിരെ നേരത്തെ ശശി തരൂരും കെസി വേണുഗോപാലും അടക്കം രംഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios