രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന 'ഡീൽ' ആരോപണങ്ങൾ ബിജെപിയുടെ വോട്ട് വർദ്ധിപ്പിക്കാനേ സഹായിക്കൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് കേന്ദ്ര സർക്കാരിനാണെന്നും, മന്ത്രി മുഹമ്മദ് റിയാസ് ഭീരുവാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാർ കണക്കുകൾ മറച്ചുവെക്കുന്നതിനാലാണ് കേരളത്തിന് അർഹമായത് ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന 'ഡീൽ' ആരോപണങ്ങൾ ബിജെപിയുടെ വോട്ട് വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേപോലെ ബിജെപിയെ വിമർശിക്കുമ്പോൾ ജനം ബിജെപിക്കൊപ്പം നിൽക്കാൻ നിർബന്ധിതരാകുകയാണ്. ഇത്തരം ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നത് പാർട്ടിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് യഥാർത്ഥത്തിൽ ദേശീയപാത എന്താണെന്ന് കേരളം അറിഞ്ഞത്. കേരളത്തിലുണ്ടായ വികസനത്തിന്റെ ക്രെഡിറ്റ് അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിനാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ പരിഹാസമാണ് ജോർജ് കുര്യൻ നടത്തിയത്. റീൽസിട്ട് വിലസി നടന്ന മന്ത്രി ദേശീയപാത തകർന്നു തുടങ്ങിയതോടെ ഭീരുവായി മാറി. അ മുതൽ ക്ഷ വരെയുള്ള എല്ലാ കുറ്റങ്ങളും മോദിയുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നായിരുന്നു വിമർശനം. ധനകാര്യ കമ്മീഷന് മുന്നിൽ സംസ്ഥാനത്തെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കുന്നത് കൊണ്ടാണ് കേരളത്തിന് അർഹമായത് ലഭിക്കാത്തത്. വസ്തുതകൾ തുറന്നുപറയാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. പാർട്ടി നിർദ്ദേശപ്രകാരമാണ് താൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലല്ല, പാർട്ടിയുടെ തീരുമാനത്തിനാണ് മുൻഗണന നൽകുന്നത്. നിലവിൽ ഭൂരിപക്ഷത്തെക്കുറിച്ച് പ്രവചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.