മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരിയെ കയറ്റാതെ പോയതിന് കെഎസ്ആർടിസിക്ക് ഉപഭോക്തൃ കോടതി പിഴ ചുമത്തി. തിരുവല്ല സ്വദേശിനി ശ്രുതി സൂസൻ ഫിലിപ്പിന് ടിക്കറ്റ് തുക, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവയുൾപ്പെടെ 35,146 രൂപ നൽകാനാണ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചത്.

പത്തനംതിട്ട: മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത് കാത്തുനിന്ന യാത്രക്കാരെ വഴിയിലുപേക്ഷിച്ച് സർവീസ് നടത്തിയ കെഎസ്ആർടിസിക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി. പരാതിക്കാരിയായ തിരുവല്ല സ്വദേശിനി ശ്രുതി സൂസൻ ഫിലിപ്പിന് ടിക്കറ്റ് തുകയായ 146 രൂപയും, 25,000 രൂപ നഷ്ടപരിഹാരവും, കോടതി ചെലവിലേക്ക് 10,000 രൂപയും ഉൾപ്പെടെ ആകെ 35,146 രൂപ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നൽകണമെന്നാണ് കമ്മീഷന്‍റെ വിധി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 2024 ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരിയായ ശ്രുതിയും അച്ഛനും മറ്റ് ചില ആശുപത്രി യാത്രക്കാരും കാട്ടാക്കടയിൽ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ (Trip Code: 0400KTAAIMSH, PNR No. 6810763) തിരുവല്ലയിൽ നിന്നും യാത്ര ചെയ്യുന്നതിനായി സീറ്റ് ബുക്ക് ചെയ്തിരുന്നു. സ്റ്റേഷൻ മാസ്റ്റർ നിർദ്ദേശിച്ചതു പ്രകാരം രാവിലെ 7.30 മുതൽ തിരുവല്ല ഡിപ്പോയിൽ ബസ് കാത്തുനിന്നെങ്കിലും 8.10 ആയിട്ടും ബസ് എത്തിയില്ല.

തുടർന്ന് ബസിലെ ക്രൂ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ബസ് തിരുവല്ല ഡിപ്പോയിൽ കയറാതെ കോട്ടയം എത്തിയെന്ന വിവരമറിയുന്നത്. 'മറ്റ് ഏതെങ്കിലും ബസിൽ കയറി പൊയ്ക്കൊള്ളാൻ' എന്നായിരുന്നു ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മറുപടി. സ്റ്റേഷൻ മാസ്റ്ററോട് അന്വേഷിച്ചപ്പോൾ ബസ് ക്രൂ ഡിപ്പോയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായി.

ദുരിതത്തിലായി യാത്രക്കാർ

ഉച്ചയ്ക്ക് 12.30-ന് ഡോക്ടറെ കാണാൻ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്തിരുന്ന ശ്രുതിക്ക്, ഐടി ജോലിയിൽ നിന്നും അവധിയെടുത്താണ് വരേണ്ടി വന്നത്. എന്നാൽ ബസ് വരാത്തതിനെത്തുടർന്ന് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചേരാൻ സാധിക്കാതെ വരികയും യാത്ര റദ്ദാക്കി മടങ്ങേണ്ടി വരികയും ചെയ്തു. അസുഖബാധിതയായതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മുൻനിർത്തിയാണ് കെഎസ്ആർടിസിയിലെ വിശ്വാസപൂർവ്വം സീറ്റ് ബുക്ക് ചെയ്തതെന്ന് ശ്രുതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മ മൂലം പരാതിക്കാരിക്ക് വലിയ സാമ്പത്തിക നഷ്ടവും കടുത്ത മാനസിക പ്രയാസവുമുണ്ടായി. സംഭവദിവസം തന്നെ തിരുവല്ല സ്റ്റേഷൻ മാസ്റ്റർക്കും, കെഎസ്ആർടിസി എംഡിക്കും, ഗതാഗത മന്ത്രിക്കും പരാതി നൽകിയിരുന്നു. പിന്നീട് ലഭിച്ച വിവരവകാശ മറുപടിയിൽ, കെഎസ്ആർടിസി ജീവനക്കാർക്ക് മാപ്പെഴുതി നൽകിയാൽ പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകാറില്ലെന്ന വിവരം ലഭിച്ചതോടെയാണ് ശ്രുതി ഉപഭോക്തൃ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

ഉപഭോക്തൃ കോടതിയുടെ വിധി

പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുപക്ഷത്തെയും വിസ്തരിക്കുകയും ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിക്കുകയും ചെയ്തു. പരാതിക്കാരിയുടെ വാദങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്. ടിക്കറ്റ് തുകയായ 146 രൂപയ്ക്ക് പുറമെ, യാത്രക്കാരിക്ക് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകൾക്ക് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും കെഎസ്ആർടിസി തിരുവനന്തപുരം എംഡി പരാതിക്കാരിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.