തിരുവനന്തപുരം വഴുതക്കാട് അഞ്ചുദിവസമായി പൊട്ടിയൊഴുകിയിരുന്ന ഡ്രൈനേജ് പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. മലിനജലം റോഡിലൊഴുകി ദുർഗന്ധം വമിക്കുകയും പകർച്ചവ്യാധി ഭീഷണി ഉയർത്തുകയും ചെയ്തതോടെ, വ്യാപകമായ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് അധികൃതർ നടപടി സ്വീകരിച്ചത്.

തിരുവനന്തപുരം: വഴുതക്കാട് കൃഷ്ണവിലാസം റോഡിൽ ജനങ്ങൾക്ക് ദുരിതമായി മാറിയ ഡ്രൈനേജ് പൈപ്പിന്‍റെ അറ്റകുറ്റപ്പണി തുടങ്ങി. കഴിഞ്ഞ അഞ്ചുദിവസമായി ഡ്രൈനേജ് പൈപ്പ് പൊട്ടിയൊഴുകിയിരുന്ന ഇവിടെ പരാതികൾ വ്യാപകമായതോടെയാണ് എക്സിക്യുട്ടീവ് എൻജിനിയറുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണി തുടങ്ങിയത്. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ സ്വകാര്യ വസതിക്ക് തൊട്ടടുത്ത് നടന്ന സംഭവം കൂടിയായിട്ടും ദിവസങ്ങൾക്ക് ശേഷമാണ് അധികൃതർ തിരിഞ്ഞുനോക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൈപ്പിനുള്ളിൽ മാലിന്യം അടിഞ്ഞുകൂടിയതോടെ ഒഴുക്കു നിലച്ച് പൊട്ടുകയായിരുന്നു. മലിനജലം റോഡിലൂടെ ഒഴുകിയതോടെ ദിവസങ്ങളായി പ്രദേശത്താകെ അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്. നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുന്ന മേഖലയാണിത്. ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും കാൽനടയാത്രക്കാരുമാണ് ദുർഗന്ധം വമിക്കുന്ന ഈ മലിനജലത്തിലൂടെ കടന്നുപോകുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ ചെളി വെള്ളം യാത്രക്കാരുടെ മേലേക്ക് തെറിപ്പിക്കുന്നതും പതിവായിട്ടുണ്ട്.

പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന ഈ ഗുരുതര പ്രശ്നം ചൂണ്ടിക്കാട്ടി നഗരസഭയിൽ അടക്കം പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. വിവിഐപി മേഖലയിൽ പോലും അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായിട്ടും അധികൃതർ കാണിക്കുന്ന നിസംഗതയ്ക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങിയതോടെയാണ് നഗരസഭ വിഷയത്തിൽ ഇടപെട്ടത്.

ബിജെപി നഗരസഭ ഭരിക്കുമ്പോൾ സ്വന്തം പാർട്ടിയുടെ കൗൺസിലറുടെ വാർഡിലെ ജോലികൾ പോലും നടക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. സംഭവം ചർച്ചയായതോടെ ദിവസങ്ങൾ നീണ്ടു നിന്ന ദുരിതത്തിനൊടുവിൽ പൈപ്പിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി ഒഴുക്ക് സുഗമമാക്കാനുള്ള നടപടി ആരംഭിച്ചതായി അധികൃതർ പറഞ്ഞു. എറെ ദുരിതം സഹിച്ചെങ്കിലും കൗൺസിലർ പി ടി മധുവിന്‍റെ നേതൃത്വത്തിൽ രാവിലെ അറ്റകുറ്റപ്പണി തുടങ്ങിയതിലുള്ള ആശ്വാസത്തിലാണ് സമീപവാസികൾ.