എഴുന്നേറ്റ് നോക്കിയപ്പോള്‍ വീട് ഇടിഞ്ഞ് താഴേക്ക് വീഴുന്നതാണ് കണ്ടത്. പെട്ടെന്ന് തന്നെ ഓടി പുറത്തെത്തി.തൊട്ടുപിന്നില്‍ വീട് മുഴുവനായി തകര്‍ന്ന് നിലംപൊത്തുന്നത് അവര്‍ കണ്ടു
തിരുവനന്തപുരം: കനത്ത മഴയില്‍ ആകെയുണ്ടായിരുന്ന ഒറ്റമുറി വീട് തകര്‍ന്ന് നിലംപൊത്തിയതോടെ എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ നിസഹായാവസ്ഥയില്‍ നില്‍ക്കുകയാണ് തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയായ ഗിരിജാ കുമാരി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഗിരിജയുടെ വീട് തകര്‍ന്നുവീണത്.
ഈ സമയം ഗിരിജ അകത്ത് ഉറങ്ങുന്നുണ്ടായിരുന്നുവെങ്കിലും അപകടമൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ കൂട്ടിനാരുമില്ലാതെ തനിച്ച് ജീവിക്കുന്ന ഗിരിജയ്ക്ക് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവുമില്ല.
അമ്മ മരിച്ചതിന് ശേഷം ഒറ്റയ്ക്കാണ് ഗിരിജ. ഉപജീവനത്തിനായി ചെറിയൊരു തട്ടുകട നടത്തുകയാണ്. രാവിലെ നേരത്തെ പോയാല്‍ ഏറെ വൈകിയേ തിരിച്ച് വീട്ടിലെത്തൂ. ഇന്നലെയും ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാൻ കിടന്നതാണ്. രാത്രി 12 മണിയോടെയാണ് ശബ്ദം കേട്ട് ഉണരുന്നത്.
എഴുന്നേറ്റ് നോക്കിയപ്പോള്‍ വീട് ഇടിഞ്ഞ് താഴേക്ക് വീഴുന്നതാണ് കണ്ടത്. പെട്ടെന്ന് തന്നെ ഓടി പുറത്തെത്തി.തൊട്ടുപിന്നില്‍ വീട് മുഴുവനായി തകര്‍ന്ന് നിലംപൊത്തുന്നത് അവര്‍ കണ്ടു. മരണത്തില്‍ നിന്ന് തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടപ്പോഴും വീടില്ലാതെ, സഹായിക്കാനാരുമില്ലാതെ എന്ത് ചെയ്യണമെന്ന നിസഹായതയില്‍ നീറുകയാണിവര്‍.
ഒന്നര സെന്‍റ് ഭൂമിയിലെ ഒരൊറ്റ മുറി വീടാണിത്. എങ്കിലും ഇരുട്ടുമ്പോള്‍ വന്നുകയറാൻ സുരക്ഷിതമായി ആകെയുണ്ടായിരുന്ന ഇടമാണ് ഇല്ലാതായിരിക്കുന്നത്.
ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയില്ല എന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ ആ നിസഹായത ആരെയും നോവിക്കും. ജീവിക്കണ്ടേ ജനിച്ചുപോയില്ലേ, എന്ന് കണ്ണീരോടെ ചോദിക്കുമ്പോള്‍ കേള്‍ക്കുന്നവരുടെ ചങ്കിടിക്കും.
ഗിരിജാകുമാരിക്ക് സഹായമെത്തിക്കാൻ താല്‍പര്യമുള്ളവര്‍ക്ക്, അവരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ :-
GIRIJA KUMARI
ACCOUNT NUMBER: 568202010003515
IFSC CODE: UBIN0556823
UNION BANK
THYCAUD BRANCH
വാര്‍ത്തയുടെ വീഡിയോ കാണാം:-

