ചോറ്റാനിക്കരയിൽ പെൺകുട്ടിയെ വീടിനുള്ളിൽ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ‌ പുറത്ത്.

കൊച്ചി: ചോറ്റാനിക്കരയിൽ പെൺകുട്ടിയെ വീടിനുള്ളിൽ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ‌ പുറത്ത്. പെൺകുട്ടിയെ മർദിച്ചതായും ഇതിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മൊഴി നൽകി.

യുവാവിന്റെ മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. അറസ്റ്റടക്കമുള്ള നടപടികൾ മൊഴി പരിശോധിച്ച ശേഷമെന്നും പൊലീസ് പറഞ്ഞു. ഗുരുതര ആരോപണമുള്ള കേസ് ആണിത്. സംശയം ഉള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിക്ക് ദേഹോപദ്രവമേട്ടിട്ടുണ്ട്. അമ്മയുടെ പരാതിയിൽ ബലാത്സം​ഗം, വധശ്രമ കേസുകൾ ചുമത്തിയതായും പൊലീസ് പറഞ്ഞു. 

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോ​ഗ്യാവസ്ഥ​ ​ഗുരുതരമായി തുടരുകയാണെന്നും ഒന്നും പറയാറായിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തി. ലഹരി കേസിലെ പ്രതിയായ 24 കാരനാണ് പിടിയിലായിരിക്കുന്നത്. പീരുമേട് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസുണ്ട്. അതുപോലെ തന്നെ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാൾ. ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. 

Asianet News Live | Chenthamara arrested | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്