തോട്ടങ്ങളിലെ ലയങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്  അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം. 

തിരുവനന്തപുരം: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സാ ചെലവും നല്‍കുമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

തോട്ടങ്ങളിലെ ലയങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം. എസ്റ്റേറ്റുകളില്‍ ആവശ്യത്തിനു സ്ഥലമുള്ളതിനാല്‍ ഇതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. പല ലയങ്ങളും വളരെ മോശം അവസ്ഥയിലാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാവിധ സഹായവും അടിയന്തരമായി ലഭ്യമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തേയിലത്തോട്ടങ്ങളില്‍ പണി എടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കുണ്ടായ ദുരന്തത്തില്‍ അഗാധമായി ദു:ഖിക്കുന്നു. കേരളം മുഴുവന്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

കേരളത്തിന്റെ മറ്റു പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. കൊവിഡ് മഹാമാരിക്കിടയില്‍ ഉണ്ടായ ഈ ദുരന്തം വലിയ ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്. ദുരിതമനുഭവിക്കുന്ന എല്ലാ സ്ഥലങ്ങളിലും പരമാവധി സഹായം എത്തിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം. ഏറെ പ്രതികൂലമായ സാഹചര്യത്തിലും നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടെയും സജീവ പങ്കാളിത്തത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ അഭിന്ദിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.