കെഎസ്ആർടിസി തിരുവനന്തപുരം - കൊച്ചി റൂട്ടിൽ പുതിയ 'ബിസിനസ് ക്ലാസ്' ആഡംബര ബസ് എത്തി. ശുചിമുറി, കഫെറ്റീരിയ, ബസ് ഹോസ്റ്റസ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള ഈ പ്രീമിയം സർവീസ്, വന്ദേഭാരത് ട്രെയിനിന് സമാനമായ യാത്രാസമയം ലക്ഷ്യമിടുന്നു. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ബസുകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങുന്നത്.
തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ 'ബിസിനസ് ക്ലാസ്' ബസിന് ആവേശ സ്വീകരണം. ഒരു മാസം മുൻപ് എറണാകുളത്ത് വച്ച് ഉദ്ഘാടനം നിർവഹിച്ച പുതിയ ബിസിനസ് ക്ലാസ് ബസ് ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ശുചിമുറി, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകളാണ് നിരത്തിലിറങ്ങുന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
യാത്രക്കാരെ സഹായിക്കാനായി എയർ ഹോസ്റ്റസ് മാതൃകയിൽ 'ബസ് ഹോസ്റ്റസ്' സേവനവും ലഭ്യമാകും. തിരുവനന്തപുരം - കൊച്ചി റൂട്ടിലാണ് ഈ പ്രീമിയം സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും കൊച്ചിയിലേക്ക് തിരിക്കും. ഇതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും. രാവിലെ പത്ത് മണിക്ക് മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ ഈ സ്റ്റോപ്പുകളും ഒഴിവാക്കും. ബസിനുള്ളിലെ പാൻട്രിയിൽ നിന്ന് ലഘുഭക്ഷണവും മറ്റും ലഭിക്കും. ഇതിനായി യാത്രക്കാർ പ്രത്യേക നിരക്ക് നൽകേണ്ടി വരും. മറ്റ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന നിരക്കായിരിക്കും ബിസിനസ് ക്ലാസിനുണ്ടാവുക. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ ഈ സർവീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നീണ്ടുപോവുകയായിരുന്നു.


