ആഗോള അയ്യപ്പ സംഗമം സമാപിച്ചു. നിർദ്ദേശങ്ങൾ നടപ്പാക്കാൻ 18 അംഗ കമ്മിറ്റി രൂപീകരിച്ചു. അടുത്തമാസം രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ
പത്തനംതിട്ട: ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ച് ആഗോള അയ്യപ്പ സംഗമത്തിന് സമാപനം. മാറുന്ന കാലത്തിനനുസരിച്ച് ഉയർന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. എൻ എസ് എസും എസ് എൻ ഡി പിയും ഉൾപ്പെടെ ഹൈന്ദവ സമുദായ സംഘടനാ നേതാക്കളുടെ സാന്നിധ്യം പരിപാടിയുടെ രാഷ്ട്രീയ വിജയത്തിൻ്റെ സൂചനയെന്ന വിലയിരുത്തലിലാണ് സർക്കാർ.
കൈതപ്രത്തിൻ്റെ അയ്യപ്പശ്ലോകത്തോടെയാണ് ആഗോള അയ്യപ്പ സമ്മേളനത്തിന് തുടക്കമായത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആശംസാ സന്ദേശം ദേവസ്വം മന്ത്രി വിഎൻ വാസവൻ അഭിമാനപൂർവം വേദിയിൽ വായിക്കുകയായിരുന്നു. ശബരിമല വികസനത്തിലൂന്നി ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രി ഭക്തി ഒരു പരിവേഷമായി അണിയുന്നവർ അയ്യപ്പ സംഗമം തടയാൻ ശ്രമിച്ചെന്ന വിമർശനവും ഉയർത്തി. പിണറായി വിജയൻ നല്ല ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിലാണ് വെള്ളാപ്പള്ളി വേദിയിലെത്തിയത്.
തമിഴ്നാട്ടിൽ നിന്ന് എത്തിയ ശേഖർ ബാബുവും പളനിവേൽ ത്യാഗരാജനും മാത്രമാണ് സംസ്ഥാനത്തിനു പുറത്തു നിന്ന് പരിപാടിക്കെത്തിയ മന്ത്രിമാർ. പ്രസംഗിക്കാൻ ക്ഷണിക്കാൻ വൈകിയെന്ന കാരണത്താൽ പളനിവേൽ ത്യാഗരാജൻ വേദിയിൽ നിന്ന് ഇറങ്ങി പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വിവാദങ്ങളെ തുടർന്ന് സന്നിധാനത്തു നിന്ന് മാറ്റി നിർത്തപ്പെട്ട കണ്ഠരര് മോഹനനും അയ്യപ്പ സംഗമ വേദിയിലെ അയ്യപ്പവിഗ്രഹത്തിന് മുന്നിലെ വിളക്ക് തെളിയിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന 18 അംഗ സമിതി അയ്യപ്പ സംഗമത്തിലുരുത്തിരിഞ്ഞ വികസന പദ്ധതികൾ നടപ്പാക്കുമെന്നാണ് ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ അടുത്തമാസം രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്നും ഇതുസംബന്ധിച്ച ആശയവിനിമയം രാഷ്ട്രപതി ഭവൻ നടത്തിയതായും അദ്ദേഹം പറഞ്ഞു. തീയതി സംബന്ധിച്ച് പിന്നീട് വ്യക്തത ഉണ്ടാക്കും.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട് കൂടി ആലോചിച്ചാണ് ചെയ്യേണ്ടത്. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകും. അത് മുൻനിർത്തി ഭക്തജന സംഗമം തടയാൻ അവർ ശ്രമിച്ചു. അത് നമുക്ക് ബാധകമല്ല. സുപ്രീം കോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗീതാ നിർവചനത്തിന് നിരക്കുന്ന വിധം ഭക്തിയുള്ളവരുടെ സംഗമമാണിതെന്ന് ഭഗവത് ഗീതയിലെ ശ്ലോകം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എല്ലാ ജാതിമത ചിന്തകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം എല്ലാവരും ഒന്നിച്ചെത്തുന്ന സ്ഥലമാണ് ശബരിമല. ചാന്ദോക്യ ഉപനിഷത്തും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചു.
യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്നും ഭഗവത്ഗീത തന്നെ യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം എന്താണെന്നുള്ളത് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ 12-ാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായാണുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, 'അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര കരുണ എവ ച' എന്നു തുടങ്ങുന്ന ഭാഗമാണ്. ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും ആയിരിക്കും ഭക്തന്‍ എന്നതാണ് ആ ഗീതാനിര്‍വചനം. അതിന് നിരക്കുന്ന തരത്തിലുള്ള ഭക്തിയുള്ളവരുടെ സംഗമമാണ് സത്യത്തില്‍ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.



