പനാജി: കൊവിഡിന് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലെ തല്‍സമയ ചര്‍ച്ചയില്‍ കേരള മോഡലിനെക്കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ സംസാരിക്കാനെത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബിബിസി വേള്‍ഡ് ന്യൂസ് വിഭാഗത്തിലാണ് കൊവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ ചര്‍ച്ചയായത്. എന്നാല്‍ ചര്‍ച്ചക്കിടെ കേരളത്തിലെ കൊവിഡ് മരണ കണക്കില്‍ മന്ത്രി ഗോവയെ പരാമര്‍ശിച്ച് നടത്തിയ പ്രസ്താവനക്കെതിരെ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് രംഗത്തെത്തി.

ബിബിസി ചര്‍ച്ചയ്ക്കിടെ വതാരക കേരളത്തിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് മന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലായിരുന്നു മന്ത്രിയുടെ ഗോവ പരാമര്‍ശം. കേരളത്തില്‍ ഇതുവരെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതിലൊരാള്‍ ഗോവയില്‍ നിന്നും ചികിത്സ തേടി എത്തിയതാണ്. ഗോവയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതുകൊണ്ടാണ് ഇയാള്‍ കേരളത്തിലെത്തിയത് എന്ന് മന്ത്രി മറുപടി നല്‍കി. 

ബിബിസി ചര്‍ച്ചയിലെ കേരള ആരോഗ്യമന്ത്രിയുടെ ഈ പരാമര്‍ശം അമ്പരപ്പുണ്ടാക്കിയെന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ട്വിറ്ററില്‍ കുറിച്ചു. ഇത് തെറ്റായ പ്രസ്താവനയാണ്.  മന്ത്രി പറഞ്ഞ കൊവിഡ് രോഗി ഗോവയില്‍ നിന്നല്ല. ഗോവയില്‍ കൊവിഡ് ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിന്‍റെ പേരില്‍ ഒരാളും കേരളത്തിലേക്ക് പോയിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് രോഗത്തെ ചെറുക്കാനായി ഗോവയില്‍ 19 ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് കൊവിഡ് രോഗികള്‍ പൂര്‍ണ്ണമായും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. മറ്റ് ഏത് സംസ്ഥാനങ്ങളെക്കാളും മികച്ച രീതിയില്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സ ഗോവയിലുണ്ട്. കേരള ആരോഗ്യമന്ത്രി ബിബിസി ചര്‍ച്ചയില്‍ പറഞ്ഞത്  ഗോവ കേന്ദ്ര ഭരണ പ്രദേശമാണെന്നാണ്. ഇത് തെറ്റാണ്. ഗോവ പൂര്‍ണ്ണാധികാരമുള്ള സംസ്ഥാനമാണെന്നും പ്രമോദ് സാവന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.

Read More: കൊവിഡ് 19 പ്രതിരോധത്തിലെ കേരളാ മോഡല്‍; ബിബിസി ചര്‍ച്ചയില്‍ താരമായി കെ കെ ശൈലജ