'ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചാണ് സ്വർണം ഉരുക്കാറുള്ളത്, കൃത്രിമം നടത്താറില്ല'; മറുപടിയുമായി ഉണ്ണിക്കൃഷ്ണന്‍
പൊലീസിൻ്റേയും കസ്റ്റംസിൻ്റെയും സ്വർണം ശുദ്ധീകരിക്കുന്നത് താനാണന്നും അതിന് നിയമാനുസൃതമായ ചാർജ് ഈടാക്കാറുണ്ടെന്നും വ്യക്തമാക്കിയ ഉണ്ണിക്കൃഷ്ണൻ പി. വി. അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലന്നും പറഞ്ഞു.
തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ ആരോപണം നിഷേധിച്ച് പൊലീസും കസ്റ്റംസും പിടികൂടുന്ന സ്വർണം ശുദ്ധീകരിച്ച് നൽകുന്ന സ്വർണപണിക്കാരനായ എൻവി ഉണ്ണിക്കൃഷ്ണൻ രംഗത്ത്. ഓഫീസർമാരുടെ മുന്നിൽവെച്ചാണ് സ്വർണം ഉരുക്കുന്നതെന്നും സ്വർണമിശ്രിതം ഉരുക്കുമ്പോൾ 8 ശതമാനം കുറവ് വരാറുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പിടികൂടുന്ന സ്വർണം പൊലീസും കസ്റ്റംസും കൈക്കലാക്കുന്നുവെന്നായിരുന്നു പി വി അൻവറിന്റെ ആരോപണം.
ഓഫീസർമാർ മൂന്നും നാലും പേർ വന്ന് അവരുടെ മുന്നിൽ വച്ചാണ് സ്വർണം ഉരുക്കാറുള്ളതെന്നും കൃത്രിമം നടത്താറില്ലെന്നും ഉണ്ണിക്കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിൻ്റേയും കസ്റ്റംസിൻ്റെയും സ്വർണം ശുദ്ധീകരിക്കുന്നത് താനാണന്നും അതിന് നിയമാനുസൃതമായ ചാർജ് ഈടാക്കാറുണ്ടെന്നും വ്യക്തമാക്കിയ ഉണ്ണിക്കൃഷ്ണൻ പി. വി. അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലന്നും പറഞ്ഞു.